താൻ ആർഎസ്എസുകാരനെന്ന് മനു; മുൻ ഉത്തരവ് റദ്ദാക്കി പത്തനംതിട്ട എസ്‌പി; പുതിയ പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ചു
പത്തനംതിട്ട: പരാതി പരിഹാര സെൽ വിവാദത്തിൽ ആരോപണവിധേയനായ അഭിഭാഷകനെ ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റി പത്തനംതിട്ട എസ്പി റദ്ദാക്കി. ആർഎസ്എസ് അനുകൂല സംഘടനയായ അഭിഭാഷക പരിഷത്ത് ജില്ലാ നേതാവ് കെ.ജെ മനുവിനെ ഉൾപ്പെടുത്തിയതാണ് വിവാദമായത്. സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുള്ള എസ്പി ഓഫീസിലെ ആഭ്യന്തര കമ്മിറ്റിയിലാണ് മനുവിനെ ഉൾപ്പെടുത്തിയത്. ഇയാൾ മുൻപ് നിരവധി കേസുകളിൽ പ്രതിയായിരുന്നുവെന്ന് ഇടത് അഭിഭാഷക സംഘടനകൾ ആരോപിച്ചിരുന്നു. കമ്മിറ്റി രൂപീകരണം സേനയ്ക്കുള്ളിലും വിവാദമായതോടെയാണ് എസ്.പി പുതിയ ഉത്തരവിറക്കിയത്. മനുവിനെ ഒഴിവാക്കി പുതിയ ആഭ്യന്തര കമ്മിറ്റിയും രൂപീകരിച്ചു. വിവാദം രാഷ്ട്രീയ പ്രേരിതമെന്ന് വിമർശിച്ച മനു, താൻ ഒന്നാന്തരം ആർഎസ്എസുകാരനാണെന്നും അത് അറിഞ്ഞുകൊണ്ടുതന്നെയാണ് നിയമിച്ചതെന്നും പറഞ്ഞു. എല്ലാ കേസുകളിലും തന്നെ കോടതി വെറുതെവിട്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു.