അച്ഛന്റെ ഭാഷ നെഞ്ചോട് ചേർത്ത്, അച്ഛന്റെ ഓര്മ്മകളിൽ മകളുടെ പ്രസംഗം, അക്ഷയയുടെ എ ഗ്രേഡിന് പൊൻതിളക്കം
മരിച്ചു പോയ അച്ഛന്റെ ഓർമകൾക്കായി അച്ഛന് ഏറെ ഇഷ്ടമായിരുന്ന തമിഴ് ഭാഷയിൽ പ്രസംഗിച്ച് എ ഗ്രേഡുമായി മടങ്ങി ഒരു പാലക്കാടുകാരി. ചിറ്റൂർ ജിവിഎച്ച് എസ്എസിലെ അക്ഷയ എന്ന പത്താം ക്ലാസുകാരിയാണ് ആ മിടുക്കിക്കുട്ടി. അക്ഷയയുടെ അമ്മ പാലക്കാടുകാരിയും അച്ഛൻ തമിഴ്നാട് സ്വദേശിയുമാണ്. എട്ട് വർഷം മുൻപാണ് അക്ഷയയുടെ അച്ഛൻ മരിച്ചത്. അച്ഛന്റെ ഭാഷ നെഞ്ചോട് ചേർത്താണ് അതേ നാട്ടിൽ അക്ഷയ തമിഴ് വിദ്യാഭ്യാസം തുടർന്നു.
എന്നാൽ സാഹചര്യങ്ങൾ പ്രതികൂലമായതോടെ രണ്ട് വർഷം മുൻപ് അമ്മ വീടായ കല്ലൻതോടിലേക്ക് താമസം മാറ്റി. ചിറ്റൂർ സ്കൂളിലെ അധ്യാപകരാണ് അക്ഷയയിലെ കലയെ കൈപിടിച്ചുയർത്തിയത്. അതിന്ന് സംസ്ഥാന കലോത്സവ വേദിയിൽ എത്തി നിൽക്കുന്നു. കലോത്സവ വേദിയിൽ തന്റെ പ്രസംഗം കാണാൻ അമ്മയ്ക്ക് വരാൻ ആകാത്തതിൽ വലിയ നിരാശയുണ്ട് അക്ഷയക്ക്. അതേക്കുറിച്ച് പറയുമ്പോൾ അക്ഷയക്ക് നൊമ്പരമാണ്. അമ്മക്ക് പണിക്ക് പോകണം. അഞ്ച് പേരാണ് വീട്ടിലുളളത്. അമ്മ പണിക്ക് പോയില്ലെങ്കിൽ ഒന്നും ശരിയാകില്ലെന്നും അക്ഷയ പറയുന്നു. എന്താകണമെന്ന ചോദ്യത്തിനും അക്ഷയക്ക് മറുപടിയുണ്ട്. ഡോക്ടറാകണം. അമ്മയെ നന്നായി നോക്കണം. കഷ്ടപ്പാടുകളെല്ലാം ഉള്ളിലൊതുക്കി വാക്കുകൾകൊണ്ട് അമ്മാനമാടുന്ന അക്ഷയക്ക് മുന്നിൽ വിദ്യാഭ്യാസമാണ് പ്രതീക്ഷ.