അച്ഛന്റെ ചിതയാറും മുമ്പ് വേദിയിലെത്തി; അച്ഛനു വേണ്ടി വിജയം നേടി മടങ്ങി; കലോത്സവത്തിലെ നൊമ്പരക്കാഴ്ചയായി ഹരിഹർ
തലസ്ഥാനത്തെ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ എത്തിയ ശേഷമാണ് കോട്ടയം ളാക്കാട്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥി ഹരിഹർ ദാസ് തന്റെ അച്ഛന്റെ മരണ വാർത്ത അറിയുന്നത്. കലോത്സവ വേദിക്കരികിൽ നിന്ന് ഹരിഹർ ദാസ് നെഞ്ചുലഞ്ഞ് വീട്ടിലേക്ക് മടങ്ങി. അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തിയ ശേഷം അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം സാധ്യമാക്കാൻ ഹരിഹർ കലോത്സവ വേദിയിലേക്ക് തന്നെ മടങ്ങിയെത്തി.മകൻ കലാകാരനാകണമെന്ന് സ്വപ്നം കണ്ട അച്ഛൻ അപ്രതീക്ഷിതമായി വാഹനാപകടത്തിൽ മരണപ്പെടുകയായിരുന്നു. ഹരിഹർ തന്റെ അച്ഛന് അവസാന സമ്മാനമായി എ ഗ്രേഡ് സ്വന്തമാക്കിയാണ് മടങ്ങി എത്തിയത്. മനസിൽ തളം കെട്ടിയ ദുഃഖവുമായാണ് വൃന്ദവാദ്യത്തിൽ, എൻ.എസ്.എസ്. ളാക്കാട്ടൂർ ഹയർസെക്കന്ററി സ്‌കൂളിലെ കൂട്ടുകാർക്കൊപ്പം അവൻ വേദിയിൽ കയറിയത്.
കൂട്ടുകാർ വെള്ളയും കറുപ്പും യൂണിഫോമിൽ വന്നപ്പോഴും അവൻ അവന്റെ അച്ഛന്റെ ഷർട്ടും, ചെരുപ്പും, വാച്ചും ധരിച്ചാണ് സ്റ്റേജിൽ കയറിയത്. ഉള്ളിൽ ദു:ഖം അലകടലായി ഇരമ്പുമ്പോഴും അവൻ വേദിയിൽ പെർഫോം ചെയ്തു. അവന്റെ ഉള്ളിലെ കണ്ണുനീർ അച്ഛനുള്ള അർച്ചനയായിരുന്നു. ഹരിഹറിനെ ആശ്വസിപ്പിച്ച് മന്ത്രി വീണ ജോർജും വേദിയിലെത്തിയിരുന്നു. കോട്ടയം സ്റ്റാർ വോയ്സിലെ ഗായകനായിരുന്ന അയ്യപ്പദാസിന്റെ മകനാണ് ഹരി.
കോട്ടയം – എറണാകുളം റോഡിൽ കാണക്കാരി ജംക്‌ഷനു സമീപം ശനിയാഴ്ച രാത്രി ഉണ്ടായ ബൈക്ക് അപകടത്തിലാണ് എ.കെ.അയ്യപ്പദാസ് (45) മരിച്ചത്. ഗാനമേള കഴിഞ്ഞു രാത്രി വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. രാത്രി എട്ടോടെ അയ്യപ്പദാസിന്റെ സഹോദരി ഉഷയുടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.