പെരിയ ഇരട്ടക്കൊലപാതകം; പ്രതികളായ സിപിഐഎം നേതാക്കളുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി
പാലക്കാട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ നാല് സിപിഐഎം നേതാക്കള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നല്‍കണമെന്നുമുള്ള ആവശ്യവും നാളെ പരിഗണിക്കും. സിബിഐയുടെ അഭിഭാഷകന്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നടപടി.
അഞ്ച് വര്‍ഷം വീതം തടവുശിക്ഷ ലഭിച്ച നാല് സിപിഐഎം നേതാക്കള്‍ നല്‍കിയ അപ്പീലുകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എംകെ ഭാസ്‌കരന്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയത്.
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് നാല് സിപിഐഎം നേതാക്കളെ എറണാകുളം പ്രത്യേക സിബിഐ കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.