ഒരു മണിക്കൂറിൽ പലതവണ ഭൂചലനം; ടിബറ്റിൽ മരണം 53 ആയി, 60ലേറെ പേർക്ക് പരിക്ക്, നിരവധി കെട്ടിടങ്ങൾ തകർന്നു
ലാസ: ടിബറ്റിൽ ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായുണ്ടായ ആറ് ഭൂചലനങ്ങളിൽ 50ലേറെ മരണം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയത് ഉൾപ്പെടെ ആറ് ഭൂചലനങ്ങളാണ് തുടർച്ചയായി ഉണ്ടായത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും പ്രകമ്പനങ്ങളുണ്ടായി.
ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം 53 പേർ മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. 62 പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. പ്രഭവ കേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങൾ തകർന്നു. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബിഹാറിന്‍റെ തലസ്ഥാനമായ പട്‌നയിലും പശ്ചിമ ബംഗാളിലും അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു- “ഞാൻ ഉറങ്ങുകയായിരുന്നു, കിടക്ക വിറയ്ക്കുന്നത് കണ്ടപ്പോൾ കുട്ടി കിടക്ക നീക്കുകയാണെന്ന് ഞാൻ കരുതി. ജനാലയും കുലുങ്ങാൻ തുടങ്ങിയതോടെ ഭൂകമ്പമാണെന്ന് ഉറപ്പിച്ചു. വേഗം കുട്ടിയെയും വിളിച്ച് വീട്ടിൽ നിന്നിറങ്ങിയോടി തുറസ്സായ സ്ഥലത്തേക്ക് പോയി”- കാഠ്മണ്ഡുവിൽ താമസിക്കുന്ന മീര പറഞ്ഞു.
നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം, നേപ്പാൾ – ടിബറ്റ് അതിർത്തിക്കടുത്തുള്ള സിസാങ്ങിൽ രാവിലെ 6:35 നാണ് 7.1 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പം ഉണ്ടായത്. ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റ്‌സെ നഗരത്തിൽ റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തി. 4.7, 4.9 തീവ്രതയുള്ള രണ്ട് തുടർചലനങ്ങൾ സിസാങിൽ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഷിഗാറ്റ്‌സെ നഗരത്തിന്‍റെ 200 കിലോമീറ്ററിനുള്ളിൽ മൂന്നോ അതിലധികമോ തീവ്രതയുള്ള 29 ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. നേപ്പാളും ഇതിനു മുൻപും ശക്തമായ ഭൂചലനമുണ്ടായിട്ടുള്ള രാജ്യമാണ്. 2005ലുണ്ടായ ഭൂചലനത്തിൽ പതിനായിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായി.