നേതൃനിരയിലേക്ക് അപു, ഹൈപ്പവർ കമ്മിറ്റിയിലും ഉൾപ്പെടുത്തും; കേരള കോൺഗ്രസിലെ അഞ്ചാമനാകാൻ പി ജെ ജോസഫിന്‍റെ മകൻ
കോട്ടയം: കേരള കോൺഗ്രസ് നേതൃ നിരയിലേക്ക് പി ജെ ജോസഫിന്‍റെ മകൻ അപു ജോൺ ജോസഫ് എത്തുന്നു. അപു ജോൺ ജോസഫ് പാർട്ടിയുടെ സംസ്ഥാന കോർഡിനേറ്റർ ആകും. അപുവിനെ പാർട്ടി ഹൈപ്പവർ കമ്മിറ്റിയിലും ഉൾപ്പെടുത്തും നേതൃനിരയിൽ അഞ്ചാമൻ ആയാണ് അപു ജോൺ ജോസഫ് എത്തുന്നത്. ഇന്ന് കോട്ടയത്ത് ചേരുന്ന പാർട്ടി ഹൈപ്പർ കമ്മിറ്റിയിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കും.
തൊടുപുഴയിൽ അപു സ്ഥാനാർഥി ആകും എന്നാ ചർച്ചകൾ സജീവമാകുന്നതിനിടയിൽ ആണ് അപുവിനെ പാർട്ടി നേതൃത്വത്തിൽ എത്തിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിൽ അപു മത്സരിക്കുമെന്ന് ചില വാര്‍ത്തകൾ പുറത്ത് വന്നിരുന്നു. അപു രാഷ്ട്രീയത്തില്‍ സജീവമായതിന് പിന്നാലെയാണ് ഇങ്ങനെ വാര്‍ത്തകൾ പുറത്ത് വന്നത്.
2021 നിയമസഭ തെരഞ്ഞെടുപ്പിൽ അപു തിരുവമ്പാടിയില്‍ മത്സരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരമെന്നും പി ജെ ജോസഫിനോട് മലബാറിലെ ജില്ലാ കമ്മിറ്റികള്‍ ഇക്കാര്യം ഒറ്റക്കെട്ടായി ആവശ്യപ്പെടുമെന്നും കേരള കോണ്‍ഗ്രസ് നേതാക്കൾ പരസ്യമായി പ്രതികരിച്ചിരുന്നു.