Uncategorized

രണ്ട് സംസ്ഥാനങ്ങളുടെ അധികാരപരിധിയെച്ചൊല്ലിയുള്ള തർക്കം ; 27കാരന്റെമൃതദേഹം റോഡിൽ കിടന്നത് 4 മണിക്കൂർ !

ദില്ലി: ഉത്തർപ്രദേശിന്റെയും മധ്യപ്രദേശിന്റെയും അധികാരപരിധിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അപകട മരണം സംഭവിച്ചയാളുട മൃതദേഹം റോഡിൽ കിടന്നത് 4 മണിക്കൂർ. 27 കാരനായ രാഹുൽ അഹിർവാർ വീട്ടിൽ നിന്നിറങ്ങി ദില്ലിയിലേക്കുള്ള യാത്രാ മധ്യേയാണ് സംഭവമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കൂലിപ്പണിയെടുക്കുന്ന രാഹുൽ ജോലിക്കായി ദില്ലിയിലേക്ക് പോകുകയായിരുന്നു. രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്. 11 മണിയോടെയാണ് മൃതദേഹം റോഡിൽ നിന്ന് മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കിയത്.

അപകടത്തെ തുടർന്ന് പ്രദേശവാസികൾ സ്ഥലത്ത് തടിച്ചുകൂടി മധ്യപ്രദേശിലെ ഹർപാൽപൂർ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഉത്തർപ്രദേശിലെ മഹോബ ജില്ലയിലെ മഹോബ്കാന്ത് പൊലീസ് സ്റ്റേഷൻ്റെ അധികാരപരിധിയിലാണ് മരണമെന്ന് അറിയിച്ച് തിരികെപ്പോയി. തുടർന്ന് നാട്ടുകാർ ഉത്തർപ്രദേശ് പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചു. എന്നാൽ ഇത് മധ്യപ്രദേശ് പൊലീസിൻ്റെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് അവരും കൈമലർത്തി. ഇതേത്തുടർന്ന് മൃതദേഹം കിടന്നിരുന്ന ഇടത്ത് നാട്ടുകാർ ചേർന്ന് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

​ഗതാ​ഗതം തടസപ്പെട്ടതോടെ അപകടം നടന്ന് നാല് മണിക്കൂറിന് ശേഷം മധ്യപ്രദേശ് പൊലീസ് തിരിച്ചെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയായിരുന്നു. അപകടത്തിന് കാരണമായ വാഹനം തിരിച്ചറിയണമെന്നും തുടരന്വേഷണം വേണമെന്നും രാഹുലിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button