പൊലീസ് നടപടി അതിവേഗം, പി വി അൻവർ എംഎൽഎയുടെ അറസ്റ്റ് മുൻപെങ്ങുമില്ലാത്ത വേഗത്തിൽ
നിലമ്പൂർ: വനം വകുപ്പ് ഓഫീസ് ആക്രമിച്ച കേസിൽ മുൻപെങ്ങുമില്ലാത്ത വേഗതയിലാണ് പി.വി അൻവർ എംഎൽഎയുടെ അറസ്റ്റ് പൊലീസ് പൂർത്തിയാക്കിയത്. നാടകീയമായ ചില രംഗങ്ങളുണ്ടായെങ്കിലും വലിയ എതിർപ്പ് അനുയായികളുടെയോ അൻവറിന്റെയോ ഭാഗത്ത് നിന്നുണ്ടായില്ല. നിയമസഭാ സാമാജികനായത് കൊണ്ടാണ് അറസ്റ്റ് വരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം പിണറായി വിജയനെ അധിക്ഷേപിച്ചു. ഒപ്പം ഓവർ സ്മാർട്ടാകേണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥനോട് കുപിതനായി സംസാരിക്കുകയും ചെയ്തു.
ജാമ്യ ഹർജിയുമായി ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ് അൻവറിന്റെ തീരുമാനം. ഇന്നലെ രാവിലെ 11.45ഓടെ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിലുള്ള ഡിഎംകെയുടെ പ്രതിഷേധത്തോടെയായിരുന്നു എല്ലാത്തിന്റെയും തുടക്കം. അൻവറിന്റെ പ്രസംഗത്തിന് പിന്നാലെ മാർച്ച് അക്രമാസക്തമായി. പ്രവർത്തകർ ഫോറസ്റ്റ് ഓഫീസ് അടിച്ചുപൊളിച്ചു. വൈകിട്ട് നാല് മണിയോടെ സംഭവത്തിൽ നിലമ്പൂർ പൊലീസ് നടപടികളിലേക്ക് കടന്നു. ആറ് മണിയോടെ അൻവർ ഒന്നാം പ്രതിയായി 11 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
വൈകിട്ട് 7 മണിയോടെ അൻവറിനെ അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങി. ഒതായിയിലെ വീടിന് മുന്നിൽ പൊലീസ് സന്നാഹമെത്തി. രാത്രി എട്ടിന് നിലമ്പൂർ ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അൻവറിന്റെ വീട്ടിലേക്കെത്തി. വീടിന് പുറത്ത് അൻവറിന്റെ അനുയായികളും തടിച്ചു കൂടുന്നുണ്ടായിരുന്നു. എട്ടരയോടെ പൊലീസ് വീടിന് അകത്തേക്ക് പ്രവേശിച്ചു. രാത്രി 9.40ഓടെ അറസ്റ്റിന് വഴങ്ങുമെന്ന് അൻവർ പ്രഖ്യാപിച്ചു. പിന്നാലെ വാറന്റിൽ ഒപ്പുവെച്ചു.