ഉത്തരേന്ത്യയിൽ അതിശൈത്യം, ശക്തമായ മൂടൽമഞ്ഞ്; വിമാനങ്ങൾ വൈകുന്നു, ജനജീവിതം ദുസ്സഹം
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ശക്തമായ മൂടൽമഞ്ഞ് റോഡ്, റെയിൽ, വ്യോമഗതാഗതങ്ങളെ ഇന്നും ബാധിച്ചു.ഡൽഹിയിൽ നിന്നുള്ള നിരവധി വിമാനങ്ങൾ വൈകി. നിരവധി ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഉച്ചയ്ക്ക് ശേഷം കാറ്റിൻ്റെ വേഗത തെക്ക് കിഴക്ക് നിന്ന് മണിക്കൂറിൽ 8-10 കിലോമീറ്റർ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് പറഞ്ഞു.
‘മിക്ക സ്ഥലങ്ങളിലും പുകമഞ്ഞ്/മിതമായ മൂടൽമഞ്ഞ്, ചില സ്ഥലങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് എന്നിവ രാവിലെ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭാഗികമായി മേഘാവൃതമായ ആകാശമാണ്. വൈകുന്നേരം/രാത്രി സമയങ്ങളിൽ പുകമഞ്ഞ്/ മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 18, 10 ഡിഗ്രി സെൽഷ്യസ് ആയിരിക്കും’, കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ജനുവരി 10ന് പ്രദേശത്ത് നേരിയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജനുവരി 6 വരെ ജമ്മു & കശ്മീർ, ലഡാക്ക്, ഗിൽജിത്-ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. ജമ്മു & കശ്മീർ, ലഡാക്ക്, ഗിൽജിത് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ജനുവരി 5-ന് ബാൾട്ടിസ്ഥാൻ, ജനുവരി 5, 6 തീയതികളിൽ ഹിമാചൽ പ്രദേശ് ജനുവരി 5, 6 തീയതികളിൽ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് ജനുവരി 6 ന് വടക്കുപടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കുന്നു. ജനുവരി 6 ന് ഉത്തരാഖണ്ഡിൽ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ജനുവരി 7, 8 തീയതികളിൽ പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കുന്നു.