മാഡ്രിഡിലെ ഇൻ്റർനാഷണൽ ടൂറിസം ട്രേഡ് ഫെയറിൽ ശ്രദ്ധാകേന്ദ്രമാകാൻ മഹാ കുംഭമേള 2025
പ്രയാഗ്രാജ്: അന്താരാഷ്ട്ര തലത്തിൽ മഹാ കുംഭമേളയെ ശ്രദ്ധാ കേന്ദ്രമാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഇതിന്റെ ഭാഗമായി മാഡ്രിഡിൽ നടക്കാനിരിക്കുന്ന ഇൻ്റർനാഷണൽ ടൂറിസം ട്രേഡ് ഫെയറിൽ മഹാ കുംഭമേളയെ അവതരിപ്പിക്കും. മാഡ്രിഡ്, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിൽ നടക്കുന്ന അന്താരാഷ്ട്ര ടൂറിസം ട്രേഡ് ഫെയറുകളിൽ കുംഭമേളയെ അവതരിപ്പിക്കാനും ‘ബ്രാൻഡ് യുപി’ എന്ന ആശയം പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജനുവരി 24 മുതൽ 28 വരെ സ്പെയിനിലെ മാഡ്രിഡിൽ നടക്കുന്ന ഇൻ്റർനാഷണൽ ടൂറിസം ട്രേഡ് ഫെയറിൽ ഉത്തർപ്രദേശിലെ വിനോദ സഞ്ചാര മേഖലയിലുള്ള പ്രധാന ആകർഷണങ്ങൾ പ്രദർശിപ്പിക്കുന്ന 40 ചതുരശ്ര മീറ്റർ പവലിയൻ നിർമ്മിക്കും. സമാനമായ രീതിയിൽ മാർച്ച് 4 മുതൽ 6 വരെ ജർമ്മനിയിലെ ബെർലിനിൽ നടക്കുന്ന ഐടിബി ബെർലിൻ മേളയിലും 40 ചതുരശ്ര മീറ്റർ പവലിയൻ സജ്ജീകരിക്കും. ഈ രണ്ട് മേളകളിലും വിവിഐപി ലോഞ്ചുകളും സജ്ജീകരിക്കും. ഉത്തർപ്രദേശ് ടൂറിസം വകുപ്പിനാണ് പുതിയ പദ്ധതിയുടെ മേൽനോട്ട ചുമതല.
സംസ്ഥാനത്തേയ്ക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിൻ്റെ ഭാഗമായി ടൂറിസം മേഖലയിലെ പ്രധാന പങ്കാളികളുമായും നിക്ഷേപകരുമായും ചർച്ച നടത്തും. ഇംഗ്ലീഷും മറ്റ് യൂറോപ്യൻ ഭാഷകളും ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ പ്രമോഷണൽ സാമഗ്രികൾ ലഭ്യമാക്കും. ആതിഥേയ രാജ്യങ്ങളിൽ നിന്നും മറ്റുമുള്ള ടൂർ ഓപ്പറേറ്റർമാർ ഉൾപ്പെടെ ടൂറിസം മേഖലയിലെ പ്രതിനിധികളുമായി ആശയവിനിമയം നടത്താനും ഉത്തർപ്രദേശിലെ പരമ്പരാഗത ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും ധാരണയായിട്ടുണ്ട്.