മാറ്റത്തിന്‍റെ ചരിത്രമെഴുതി കലോത്സവം, മംഗലംകളി ആടിത്തിമിര്‍ക്കുമ്പോൾ കാസര്‍ക്കോട്ടെ കുട്ടികൾക്ക് അഭിമാനം
തിരുവനന്തപുരം:കാസർകോട് നിന്നുള്ള കുട്ടികൾക്ക് ഇത് അഭിമാന നിമിഷമാണ്.കാസർകോട്ടെ തനതുഗോത്ര കലയായ മംഗലംകളി മത്സരം വേദി 15ൽ നടന്നപ്പോൾ മത്സരിക്കാൻ എത്തിയത് അവിടെ നിന്നുള്ള മലവേട്ടുവ, മാവില സമുദായക്കാരായ കുട്ടികളായിരുന്നു. സ്വന്തം കല അംഗീകരിക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് എ ഗ്രേഡുമായി അവർ മടങ്ങുന്നത്.
രഞ്ജനയും ഗോപികയും മായയും അടങ്ങുന്ന കാസര്‍കോട് നിന്നും മംഗലംകളി മത്സരത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ വേദി 15ലെ മംഗലനൃത്തം ഉള്ളു നിറയെ കണ്ടു. വേദിയിൽ സ്വയം ആടിത്തിമർക്കുന്നതിനേക്കാൾ സ്വന്തം കലാരൂപം മറ്റുള്ളവർ ആവിഷ്കരിക്കുന്നതിന്‍റെ അഭിമാന നിമിഷത്തിലായിരുന്നു അവര്‍. ഒരു കാലത്ത് അടിച്ചമർത്തപ്പെട്ട മാറ്റി നിർത്തപ്പെട്ട സമുദായത്തിന്‍റെ തനത് കല അംഗീകരിക്കപ്പെട്ടതിന്‍റെ നിറവിലായിരുന്നു അവര്‍.
മംഗലംകളി രക്തത്തിൽ അലിഞ്ഞു ചേര്‍ന്നതാണെന്നും ഇവിടെ തങ്ങളുടെ ഗോത്രകല അംഗീകരിക്കപ്പെട്ടതിൽ അഭിമാനം ഉണ്ടെന്നും രഞ്ജന പറഞ്ഞു. കലോത്സവത്തിൽ മംഗലം കളി മത്സരയിനം ആയതോടെ കൂടുതൽ പേര്‍ തങ്ങളുടെ ഗോത്രകലയെ അറിയുമെന്നും രഞ്ജന പറഞ്ഞു. കാസർകോട് ജില്ലയിൽ നിന്ന് മറ്റെല്ലാവരെയും പിന്നിലാക്കിയാണ് ജിഎച്ച്എസ്എസ് മാലോത് കസബയിലെ മലവേട്ടുവ, മാവില സമുദായക്കാരായ കുട്ടികളുടെ സംഘം സംസ്ഥാന കലോത്സവത്തിന് എത്തിയത്. ചെറുപ്പം മുതൽ കണ്ടും കളിച്ചും ഉള്ള തഴക്കം. തലമുറകൾ കൈമാറി വന്ന തനത് കല രക്തത്തിൽ അലിഞ്ഞു ചേർന്ന മെയ് വഴക്കം ഇവയെല്ലാം ആ ചുവടുകളിൽ കാണാം.