ബഹിരാകാശത്ത് മുളച്ചത് തിരുവനന്തപുരം വിഎസ്എസ്‌സി അയച്ച പയര്‍ വിത്തുകള്‍; അഭിമാന നിമിഷം
തിരുവനന്തപുരം: ബഹിരാകാശത്ത് ഇന്ത്യക്ക് പ്രതീക്ഷയുടെ പുത്തന്‍ മുളപൊട്ടല്‍. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ സ്പേഡെക്‌സ് ദൗത്യത്തിനൊപ്പം വിക്ഷേപിച്ച എട്ട് പയര്‍ വിത്തുകള്‍ നാലാം ദിനം മുളച്ചു എന്നതാണ് സന്തോഷകരമായ വാര്‍ത്ത. 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച പിഎസ്‌എല്‍വി-സി60 റോക്കറ്റിലെ പോയം-4ലുള്ള പേലോഡുകളില്‍ ഒന്നിലായിരുന്നു ഈ വിത്തുകളുണ്ടായിരുന്നത്. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്‍ററാണ് (വിഎസ്എസ്‌സി) ക്രോപ്‌സ് പേലോഡ് (CROPS payload) നിര്‍മിച്ചത് എന്നത് ഈ പരീക്ഷണ വിജയം കേരളത്തിന് ഇരട്ടിമധുരമായി.
മൈക്രോഗ്രാവിറ്റിയില്‍ എങ്ങനെയാണ് സസ്യങ്ങള്‍ വളരുക എന്ന് പഠിക്കാനാണ് ഐഎസ്ആര്‍ഒ ക്രോപ്‌സ് പേലോഡ് (Compact Research Module for Orbital Plant Studies) സ്പേഡെക്‌സ് വിക്ഷേപണത്തിനൊപ്പം അയച്ചത്. ബഹിരാകാശ സാഹചര്യങ്ങളില്‍ ചെടികളും സസ്യങ്ങളും എങ്ങനെ വളരും എന്ന കാര്യത്തില്‍ സുപ്രധാന വിവരങ്ങള്‍ ഈ പരീക്ഷണത്തിലൂടെ ഇസ്രൊ ലക്ഷ്യംവയ്ക്കുന്നു. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍ നിര്‍മിച്ച ഈ ക്രോപ്സ് പേലോഡില്‍ എട്ട് പയര്‍മണികളാണ് നിക്ഷേപിച്ചിരിക്കുന്നത്. താപനില ക്രമീകരിച്ച പ്രത്യേക അറകളില്‍ വിന്യസിച്ചിരിക്കുന്ന ഇവ നാല് ദിവസം കൊണ്ട് മുളച്ചു. ഉടന്‍ ഇലകള്‍ വിരിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് വിവരങ്ങള്‍ പങ്കിട്ടുകൊണ്ട് ഇസ്രൊയുടെ ട്വീറ്റ്. ബഹിരാകാശത്ത് മുളച്ച പയര്‍വിത്തുകള്‍ ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്‌ത ചിത്രത്തില്‍ കാണാം.