അഞ്ചല്‍ കൊലപാതകം: ‘എങ്ങനെയെങ്കിലും കുഞ്ഞുങ്ങളെ വളർത്തി ജീവിച്ചോളാമെന്ന് പറഞ്ഞു, എന്നിട്ടും വിട്ടില്ല’; ബന്ധു
കൊല്ലം: കൊല്ലം അഞ്ചലിൽ യുവതിയെയും 2 കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട യുവതിയുടെ ബന്ധു. പ്രതികളെ പിടിച്ചതിൽ സന്തോഷമെന്ന് കൊല്ലപ്പെട്ട യുവതിയുടെ അമ്മയുടെ സഹോദരിയായ ലളിത ”വളരെ സന്തോഷമുണ്ട്. അവളുടെ അമ്മ ഇത്രയും നാൾ നോയമ്പ് നോറ്റ് കാത്തിരുന്നത് ഈ ഒരു നിമിഷത്തിന് വേണ്ടിയാണ്. അല്ലെങ്കിൽ എന്തേ മരിക്കണം മരിക്കണം എന്ന് പറഞ്ഞ് നടന്നതാ. ഈ ഒരൊറ്റ ആഗ്രഹത്തിന് വേണ്ടിയാണ്. പ്രതികളെ എന്നെങ്കിലും പിടിച്ച് അവരെ മുന്നിൽ കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് ദൈവം സാധിച്ചുകൊടുത്തതിൽ ഒരുപാട് നന്ദിയുണ്ട്. എങ്ങനെയെങ്കിലും കുഞ്ഞുങ്ങളെ വളർത്തി ജീവിച്ചോളാം എന്ന് പറഞ്ഞതാ. എന്നിട്ട് പോലും അതിനെ വെറുതെ വിട്ടില്ല. ക്രൂരമായിട്ടാണ് അവരെ കൊലപ്പെടുത്തിയത്. അമ്മ ഈ വാർത്ത അറിഞ്ഞു. ഇത്രയും നാൾ ദൈവത്തെ വിളിച്ച് കരഞ്ഞതിന് ഫലമുണ്ടായി.” ലളിത പ്രതികരിച്ചു,
2006ലാണ് കൊല്ലം ജില്ലയിലെ അഞ്ചലില്‍ രഞ്ജിനി എന്ന യുവതിയെും അവരുടെ ഇരട്ടക്കുട്ടികളെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. സംഭവത്തിന് ശേഷം ഇരുവരും ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ 18 വര്‍ഷങ്ങളായി സിബിഐ പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയായിരുന്നു. ഒടുവില്‍ പോണ്ടിച്ചേരിയില്‍ നിന്ന് വ്യാജവിലാസത്തില്‍, വിവാഹം കഴിച്ച് താമസിക്കുകയായിരുന്ന പ്രതികളെ സിബിഐ പിടികൂടി. ഇവരെ കൊച്ചി സിജെഎം കോടതിയില്‍ ഹാജരാക്കി.