തെലങ്കാന ട്രാന്‍സ്‍പോര്‍ട്ട് കോര്‍പറേഷന്‍റെ പരസ്യത്തില്‍ ഇടംപിടിച്ച് ‘മാര്‍ക്കോ’
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം ചര്‍ച്ചയായ സിനിമയാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്. മഞ്ഞുമ്മല്‍ ബോയ്സിനും പ്രേമലുവിനുമൊക്കെ ശേഷം മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയെടുത്ത ചിത്രവുമാണ് ഇത്. ചിത്രം സൃഷ്ടിച്ച ട്രെന്‍ഡിന് ഉദാഹരണമായി പുറത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഒരു പരസ്യം.
തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് കോര്‍പറേഷന്‍റെ (ടിജിഎസ്ആര്‍ടിസി) ഒരു സോഷ്യല്‍ മീഡിയ പരസ്യത്തിലാണ് മാര്‍ക്കോയും ഇടംപിടിച്ചിരിക്കുന്നത്. ഈ വാരാന്ത്യത്തിലെ പുതിയ റിലീസുകള്‍ കാണാന്‍ തിയറ്ററുകളിലേക്കെത്താന്‍ ഏറ്റവും സുഖപ്രദമായ യാത്ര തങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ളതാണ് പരസ്യം. ഇതില്‍ ടിജിഎസ്ആര്‍ടിസി കടന്നുപോകുന്ന വഴിയിലെ ബസ് സ്റ്റോപ്പില്‍ മാര്‍ക്കോയുടെ പോസ്റ്റര്‍ പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്.