Uncategorized

ചുമ, ജലദോഷം, പനി, തുമ്മൽ; ശ്വാസകോശ രോഗവുമായി ആയിരങ്ങൾ ആശുപത്രിയിൽ, ആശങ്കയായി ചൈനയിൽ എച്ച്എംപി വൈറസ് പടരുന്നു

ലോകത്തിന് ആശങ്കയായി ചൈനയിൽ എച്ച് എംപി വൈറസ് പടരുന്നു. ശ്വാസകോശ രോഗവുമായി ആയിരങ്ങൾ ആശുപത്രിയിലായി. എന്നാൽ രോഗപ്പകർച്ചയുടെ വിശദംശങ്ങൾ ചൈന പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് മഹാമാരിക്ക് അഞ്ച് വർഷമാകുമ്പോഴാണ് ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് പകർച്ചയുണ്ടാകുന്നത്. എച്ച്എംപിവി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് ആയിരങ്ങളെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. രോഗികളാൽ നിറഞ്ഞ ആശുപത്രികളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ ചൈനീസ് ഭരണകൂടം ഇതുവരെ രോഗബാധ സമ്മതിച്ചിട്ടില്ല. കൊവിഡ് ബാധ രൂക്ഷമായ കാലത്ത് പോലും അത് അന്താരാഷ്ട്ര സമൂഹത്തെ അറിയിക്കാത്തതിന്റെ പേരിൽ പഴി കേട്ട രാജ്യമാണ് ചൈന. ചില മേഖലകളിൽ ചൈന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിച്ചത്. ചുമ, ജലദോഷം, പനി, തുമ്മൽ എന്നിവയാണ് എച്ച് എം പിവി ലക്ഷണങ്ങൾ. 2001 മുതൽ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട് എങ്കിലും ഇത്ര വ്യാപകമായി പടർന്നുപിടിച്ചിട്ടില്ല. എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ലഭ്യമല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ മാത്രം ആണ് നൽകുക. ആരോഗ്യമുള്ള ഭൂരിപക്ഷം പേരിലും രോഗം സ്വയം ശമിക്കുമെങ്കിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ മരണ കാരണമാകാം. ചൈനയിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ തന്നെ ലോകാരോഗ്യ സംഘടനാ ഇതുവരെ ജാഗ്രതാ നിർദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല.ഇന്ത്യയിൽ ഇപ്പോൾ ആശങ്കയുടെ കാര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ എച്ച്എംപിവി റിപ്പോർട്ട് ചെയ്തിട്ടില്ല. ചൈനയിൽ രോഗം പടരുന്നുവെന്ന റിപ്പോർട്ടുകൾ ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുകയാണ്. ഇന്ത്യയിൽ എവിടെയും എവിടെയും ശ്വാസകോശ അണുബാധ വലിയ അളവിൽ പെരുകുന്നതായി കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button