Uncategorized

കേരള സ്കൂൾ കലോത്സവം: മത്സര ഫലങ്ങൾ തത്സമയം അറിയാം, പ്ലേ സ്റ്റോറിലും വെബ്സൈറ്റ് ‘കൈറ്റ്’ ലഭിയ്ക്കും

തിരുവനന്തപുരം : തലസ്ഥാനത്ത് ജനുവരി 4 മുതൽ ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മത്സരങ്ങളുടെ പുരോഗതി തത്സമയം അറിയുന്നതിന് കൈറ്റ് റിലീസ് ചെയ്തിട്ടുള്ള ഉത്സവം മൊബൈൽ ആപ്പ് ഉപയോഗിക്കാം. മത്സരങ്ങളും ഫലവും കൃത്യമായി അറിയാൻ കൈറ്റിന്റെ ulsavam.kite.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ https://play.google.com/store/apps/details?id=com.technocuz.kalolsavam എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആപ്ലിക്കഷനായും ലഭിക്കും.

63-ാമത് കേരള സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്താണ് നടക്കുന്നത്. നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.1957ൽ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായി വളർന്ന മേളയിൽ പതിനയ്യായിരത്തോളം വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. 2016ന് ശേഷം തിരുവനന്തപുരം വീണ്ടും കലാമാമാങ്കത്തിന് വേദിയാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ കലോത്സവത്തിന്.

സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ക്ലാസുകളിലെ മത്സരങ്ങളെല്ലാം കേരള സ്‌കൂൾ കലോത്സവമായി തന്നെ അറിയപ്പെടും. ഒന്നാം ക്ലാസ് മുതൽ നാലുവരെ കാറ്റഗറി ഒന്ന്, അഞ്ച് മുതൽ ഏഴ് വരെ കാറ്റഗറി രണ്ട്, എട്ടു മുതൽ പത്തുവരെ കാറ്റഗറി മൂന്ന്, പതിനൊന്ന് മുതൽ പന്ത്രണ്ടു വരെ കാറ്റഗറി നാല് എന്നിങ്ങനെയാണ് മത്സരം നടക്കുന്നത്. ഇതിൽ മൂന്ന്, നാല് കാറ്റഗറികളിലെ പ്രതിഭകളാണ് സംസ്ഥാനതലത്തിൽ മാറ്റുരയ്ക്കുന്നത്.

ഇരുള നൃത്തം, മലയപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിങ്ങനെ കലോത്സവ ചരിത്രത്തിൽ ഇതാദ്യമായി അഞ്ച് തദ്ദേശീയ കലാരൂപങ്ങൾ കൂടി മത്സരയിനമായി അരങ്ങേറുന്നു എന്നതും പ്രത്യേകതയാണ്. മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. മത്സരവേദികളിലെല്ലാം കലാപരിപാടികളുടെ വീഡിയോ റെക്കോർഡിംഗിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കലോത്സവം പൂർണമായും ഹരിത പെരുമാറ്റചട്ടത്തിനു വിധേയമാണ്. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളർഷിപ്പായി ആയിരം രൂപ നൽകുന്നു. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പ്രഗത്ഭരായ വ്യക്തികളെയാണ് വിധി നിർണ്ണയത്തിന് കണ്ടെത്തിയിട്ടുള്ളത്. 1986ൽ തൃശ്ശൂരിൽ വച്ച് നടന്ന ഇരുപത്തിയെട്ടാം കേരള സ്‌കൂൾ കലോത്സവത്തിൽ നിലവിൽ വന്ന നൂറ്റി പതിനേഴര പവൻ തൂക്കമുള്ള സ്വർണ്ണക്കപ്പ് ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ജില്ലയ്ക്ക് നൽകും. കഴിഞ്ഞ വർഷം നടന്ന കലോത്സവത്തിൽ കണ്ണൂർ ജില്ലയാണ് ജേതാക്കളായത്.

25 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. പ്രധാന വേദിയായി സെൻട്രൽ സ്റ്റേഡിയമാണ് നിശ്ചയിച്ചിട്ടുള്ളത്. ഭക്ഷണം, താമസം, ഗതാഗതം, ആരോഗ്യം, സുരക്ഷ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണങ്ങളും സർക്കാർ ഏർപ്പാടാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button