അമ്മു എക്കാലവും ഓർമിക്കപ്പെടും; പൊലീസ് നായക്ക് സ്മാരകമൊരുക്കി സേനയുടെ ആദരം
പുത്തൂര്‍വയല്‍: നിരവധി പ്രമാദമായ കേസുകളുടെ അന്വേഷണത്തിന് പോലീസിനൊപ്പമുണ്ടായ ‘അമ്മു’വെന്ന എക്സ്പ്ലോസീവ് സ്‌നിഫര്‍ പൊലീസ് ഡോഗ് മരണശേഷവും ഓര്‍മ്മിക്കപ്പെടും. വയനാട് ജില്ലയിലെ കെ-9 സ്‌ക്വാഡില്‍ സേവനമനുഷ്ഠിച്ചിരുന്ന അമ്മുവിന് പുത്തൂര്‍വയല്‍ പൊലീസ് ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അന്ത്യവിശ്രമ കേന്ദ്രമൊരുക്കി. അമ്മുവിന്റെ പരിശീലകരായ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ കെ. സുധീഷ്, പി. ജിതിന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കെ-9 സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് കേന്ദ്രമൊരുങ്ങിയത്.
സംസ്‌കാര ചടങ്ങില്‍ അന്തിമോപചാരം അര്‍പ്പിച്ച ശേഷം വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നല്‍കിയ നിര്‍ദേശ പ്രകാരമാണ് കല്ലറ ഒരുക്കിയത്. 2024 ഒക്ടോബർ 24നായിരുന്നു അമ്മുവിന്റെ വിയോഗം. ഒന്‍പത് വയസായിരുന്നു. 2017 ല്‍ നടന്ന കേരളാ പോലീസ് ഡ്യൂട്ടി മീറ്റില്‍ എക്സ്പ്ലോസീവ് സ്നിഫിങ്ങില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. 2018ല്‍ ഓള്‍ ഇന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റിലും പങ്കെടുത്തിട്ടുണ്ട്.