സ്വന്തമായി ഒരു വീട് പോലും ഉണ്ടാക്കിയില്ലെന്ന് പ്രധാനമന്ത്രി; ‘രാജ്യത്തെ പാവങ്ങൾക്കായി 4 കോടി വീടുകൾ നിർമിച്ചു’
ദില്ലി: ആഡംബര കൊട്ടാരം നിർമ്മിക്കാമായിരുന്നിട്ടും ഒരു വീട് പോലും സ്വന്തമായി നിർമ്മിക്കാത്തയാളാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പാവങ്ങൾക്കായി നാല് കോടി വീടുകൾ നിർമ്മിച്ചെന്നും അദ്ദേഹം പറഞ്ഞു. ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പരോക്ഷ വിമർശനമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ദില്ലിയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ദില്ലിയിലെ അശോക് വിഹാറിൽ ചേരി നിവാസികൾക്കായി നിർമ്മിച്ച ഫ്ലാറ്റുകൾ അദ്ദേഹം സന്ദർശിച്ചു. ആകെ 1675 ഫ്ലാറ്റുകളാണ് ഇവിടെ നിർമിച്ചത്. പിന്നാലെ നടന്ന പരിപാടിയിലാണ് അദ്ദേഹം കെജ്രിവാളിനെതിരെ വിമർശനം ഉന്നയിച്ചത്. തനിക്കും ആഡംബര കൊട്ടാരം നിർമ്മിക്കാമായിരുന്നുവെന്നും എന്നാൽ മോദി വീട് പോലും നിർമ്മിച്ചില്ലെന്ന് രാജ്യത്തെ ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ രാജ്യത്തെ പാവങ്ങൾക്ക് വേണ്ടി 4 കോടി വീടുകൾ നിർമ്മിച്ചു. ആംആദ്മി പാർട്ടി ദില്ലിയിലെ ജനങ്ങളോട് ശത്രുത കാണിക്കുകയാണ്. ആയുഷ്മാൻ യോജന പദ്ധതി രാജ്യം മുഴുവൻ നടപ്പാക്കിയപ്പോഴും ദില്ലി സർക്കാർ മാറി നിന്നു. എഎപി ദില്ലിയിൽ ദുരന്തമായി മാറി. പരസ്യമായി അഴിമതി നടത്തി എഎപി ആഘോഷിക്കുകയാണ്. ജനങ്ങൾ ഇതിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇനിയും ഈ ദുരന്തത്തെ സഹിക്കില്ലെന്ന പുതിയ മുദ്രാവാക്യവും പരിപാടിയിൽ മോദി ഉയർത്തി.