Uncategorized

24 വേദികൾ സജ്ജം; സ്വർണക്കപ്പ് എത്തി; കൗമാര പ്രതിഭകളെ സ്വീകരിക്കാൻ തലസ്ഥാന നഗരി ഒരുങ്ങി

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. സംസ്ഥാനത്തെ കൗമാര പ്രതിഭകളെ സ്വീകരിക്കാൻ തലസ്ഥാന നഗരമായ തിരുവനന്തപുരം ഒരുങ്ങി. സ്കൂൾ കലോത്സവത്തിന്റെ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് തലസ്ഥാനത്ത് എത്തി. അഞ്ച് ദിനങ്ങൾ ഇനി തലസ്ഥാന നഗരത്തിന് ഉറക്കമില്ലാ നാളുകൾ.കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നാണ് സ്വർണ കപ്പിന്റെ 4 ദിവസം നീളുന്ന പ്രയാണം ആരംഭിച്ചത്. തിരുവനന്തപുരം കൊല്ലം ജില്ലാ അതിർത്തിയിൽ ജനപ്രതിനിധികളും നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് ആണ് സ്വർണക്കപ്പിന് സ്വീകരണം നൽകിയത്. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ സ്വീകരണങ്ങൾ ഏറ്റു വാങ്ങിയ ശേഷം കലോത്സവവേദിയിലേക്ക് ആനയിക്കും. വിദ്യാർഥികൾക്കുള്ള രജിസ്ട്രേഷൻ തുടങ്ങി.

എസ്എംവി സ്കൂളിലാണ് രജിസ്ട്രേഷൻ കൌണ്ടറുകൾ. നാളെ കലാമാമാങ്കത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന് അവതരിപ്പിക്കും.

വയനാട് വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button