Uncategorized

മണ്ഡലകാലത്ത് ശബരിമലയിൽ വൻ വരുമാന വര്‍ധന; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയുടെ അധിക വരുമാനം

പത്തനംതിട്ട:മണ്ഡലകാലത്ത് ശബരിമലയിൽ വരുമാന വർധന. കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനമാണ് ദേവസ്വം ബോർഡിനുണ്ടായത്. കാണിക്ക ഇനത്തിലും, അരവണ വിൽപനയിലും വരുമാനം കൂടി. കഴിഞ്ഞ മണ്ഡല കാലത്തേക്കാൾ നാല് ലക്ഷത്തോളം ഭക്തരാണ് ശബരിമലയിൽ ഇത്തവണ അധികമായി എത്തിയതെന്ന് ദേവസ്വം ബോര്‍ർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു.

നവംബർ 15 മുതൽ ഡിസംബർ 26 വരെ നീണ്ട 41 ദിവസത്തെ മണ്ഡലകാലത്ത് 297 കോടി രൂപയുടെ വരുമാനമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്. കഴിഞ്ഞ വർഷം ഇത് 215 കോടിയോളമായിരുന്നു. അധിക വരുമാനമായ 82 കോടിയിൽ കൂടുതലും അരവണ വിൽപനയിലൂടെയാണ് ലഭിച്ചത്. കഴിഞ്ഞ സീസണിനേക്കാൾ 22 കോടിയുടെ അരവണ അധികമായി വിറ്റു. കാണിക്കയായി ലഭിച്ചത് 80 കോടിയിലേറെ രൂപയാണ്. പതിമൂന്ന് കോടിയുടെ വർധനവാണ് ഇതിലുണ്ടായിരിക്കുന്നത്.

മണ്ഡലകാലത്ത് സന്നിധാനത്ത് എത്തിയ ഭക്തരുടെ എണ്ണത്തിലും മുൻ വർഷങ്ങളെക്കാൾ വർധനയുണ്ടായി. 32.5 ലക്ഷത്തോളം പേരാണ് ഇത്തവണ ദർശനം നടത്തിയത്. കഴിഞ്ഞ തവണ ഇത് 28 ലക്ഷമായിരുന്നു. സ്പോട്ട് ബുക്കിംഗിലുടെയും പുല്ലുമേട് വഴിയും ശബരിമലയിൽ എത്തിയവരുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. മകരവിളക്കിനായി കഴിഞ്ഞ തിങ്കളാഴ്ച നട തുറന്നത് മുതൽ പ്രതീക്ഷിച്ചതിലും കൂടുതൽ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. അതിനാൽ ജനുവരി 20 വരെ നീളുന്ന മകരവിളക്ക് കാലത്തും വരുമാനം കൂടാനാണ് സാധ്യത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button