ക്ഷേത്രങ്ങളിലെ ഷർട്ട് വിവാദം: മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: ക്ഷേത്രങ്ങളിൽ ഷർട്ട് ഊരി ദർശനം നടത്തുന്നതിനെതിരായ അഭിപ്രായം പുതിയത് അല്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. ഒരുകാലത്ത് പലര്‍ക്കും വഴി നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല, അത് മാറിയത് പോലെ കാലത്തിന് അനുസരിച്ച് പലതും മാറുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതേസമയം, ക്ഷേത്രങ്ങളിലെ വസ്ത്രധാരണത്തിൽ ആരോഗ്യകരമായ ചർച്ച വേണമെന്നും പരിഷ്കരണങ്ങൾ കൂടി ആലോചിച്ച് തീരുമാനിക്കേണ്ടതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും പ്രതികരിച്ചു.
ഗിവഗിരി മഠത്തിലെ പ്രസിഡന്‍റ് സ്വാമി ഒരഭിപ്രായം പറഞ്ഞു. അതിനെ പിന്തുണച്ച് മുഖമന്ത്രി അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. അതിനെതിരായി സുകുമാരന്‍ നായര്‍ അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. അതിന് മറുപടിയായി ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠന്‍ അഭിപ്രായം പറഞ്ഞു. അവര്‍ പരസ്പരം മറുപടി പറഞ്ഞ് കഴിഞ്ഞു. ഇവിടെ മാത്രമാണോ ഇത് നടക്കുന്നത്. എത്രമാത്രം അനാചാരങ്ങള്‍ ഈ രാജ്യത്ത് നടക്കുന്നുണ്ട്. എസ്എന്‍ഡിപി യൂണിയൻ ശാഖാ ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് കയറാമെന്ന് പ്രമേയം പാസാക്കിയതാണ് ചില പൂജാരിമാരാണ് അതിന് തടസമായി നിൽക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം, എന്‍സിപി മന്ത്രി മാറ്റ ചര്‍ച്ചയിലും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. തോമസ് കെ തോമസ് എംഎല്‍എ ആകാൻ പോലും യോഗ്യത ഇല്ലാത്തയാളാണ്. ഇനി ഒന്നരക്കൊല്ലമേയുള്ളൂ. എകെ ശശീന്ദ്രനെ മാറ്റിയാൽ എങ്ങനെ ശരിയാകും. പ്രായോഗിക പ്രയാസങ്ങൾ മുഖ്യമന്ത്രി അറിയിച്ചിട്ടും വീണ്ടും മന്ത്രിയാകണമെന്ന് പറഞ്ഞ് നടക്കുകയാണ് തോമസ് കെ തോമസ്. പി സി ചാക്കോയാണ് അവശ്യമില്ലാത്ത കാര്യങ്ങളുമായി വരുന്നത്. എന്‍സിപിക്ക് കുട്ടനാട് സീറ്റ് കൊടുക്കേണ്ട എന്ന് യോഗ്യതയാണുള്ളത്. ആകെ രണ്ട് എംഎല്‍എമ്മാരുള്ള പാർട്ടി. കുട്ടനാടൻ ജനതയുടെ വികാരത്തിന് എതിരാണെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേര്‍ത്തു.