Uncategorized

കുറ്റ്യാടിയിൽ നിർത്തിയിട്ട കാർ, മകൾ ഉറങ്ങുന്നതിനാൽ എഞ്ചിൻ ഓഫാക്കിയില്ല; വണ്ടിയുമായി മുങ്ങി യുവാവ്, അറസ്റ്റിൽ

കോഴിക്കോട്: കുറ്റ്യാടിയിൽ നിർത്തിയിട്ട കാറുമായി മുങ്ങിയ യുവാവിനെ കാറുടമയും നാട്ടുകാരും പിന്തുടർന്ന് പിടികൂടി. കുറ്റ്യടി അടുക്കത്ത് ആശാരിപ്പറമ്പില്‍ സ്വദേശി വിജീഷിനെ(41)യാണ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം സ്വദേശിയായ മന്‍സൂറിന്റെ കാറുമായാണ് ഇയാള്‍ കടന്നുകളയാന്‍ ശ്രമിച്ചത്. കാറിനുള്ളിൽ മൻസൂറിന്‍റെ മകൾ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഇത് അറിയാതെയാണ് വിജീഷ് കാറെടുത്ത് സ്ഥലം വിട്ടത്. നാട്ടുകാർ പിന്നാലെ കൂടിയാണ് ഇയാളെ പൊക്കിയത്. പിന്നീട് വിജീഷിനെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മന്‍സൂറും ഭാര്യ ജല്‍സയും ഒന്‍പത് വയസ്സുള്ള മകളും കുറ്റ്യാടിയിലെ ജല്‍സയുടെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. അതിനിടെ കുറ്റിയാടിക്ക് അടുത്തുള്ള അടുക്കത്ത് എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി സാധനങ്ങള്‍ വാങ്ങാനായി മന്‍സൂര്‍ പുറത്തിറങ്ങി. പിന്നീട് ജല്‍സയും കാറില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഉറങ്ങുകയായതിനാല്‍ മകളെ വിളിച്ചില്ല. എസി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ കാര്‍ ഓഫ് ചെയ്യാതെയാണ് മന്‍സൂര്‍ പുറത്തിറങ്ങിയത്. എന്നാല്‍ ഈ സമയം എത്തിയ വിജീഷ് കാറുമായി കടന്നുകളയുകയായിരുന്നു.

ഉടനെ തന്നെ കടയിലേക്ക് സാധനങ്ങള്‍ ഇറക്കാനെത്തിയ വാഹനത്തില്‍ സ്ഥലത്തുണ്ടായിരുന്നവരും മന്‍സൂറും കാറിനെ പിന്‍തുടര്‍ന്നു. രണ്ടര കിലോമീറ്ററോളം ദൂരം പിന്നിട്ട ശേഷം കാറുമായി അമിത വേഗത്തിലല്ലാതെ പോവുകയായിരുന്ന വിജീഷിനെ കണ്ടെത്തുകയായിരുന്നു. കാറിന് കുറുകെ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോള്‍ മകളെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വഴിയില്‍ ഇറക്കിവിട്ടതായി പറയുകയായിരുന്നു.

പിന്നീട് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെ വഴിയരികില്‍ നിന്നും കണ്ടെത്തി. വിരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ കുറ്റ്യാടി ഇന്‍സ്‌പെക്ടര്‍ കൈലാസ നാഥ് വിജീഷിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പിന്നീട് മെഡിക്കല്‍ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി സൂചനയുണ്ട്. വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button