നരഹത്യ കേസ്: നടൻ അല്ലു അർജുൻ്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്
ഹൈദരാബാദ്: നരഹത്യ കേസിലെ പ്രതി നടൻ അല്ലു അർജുൻ്റെ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും . ഹൈദരാബാദിലെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലു അർജുൻ്റെ ജാമ്യ അപേക്ഷ പരിഗണിച്ചത് . ഡിസംബർ നാലിന് പുഷ്പ 2 ൻ്റെ ബെനിഫിറ്റ് ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തിലായിരുന്നു അല്ലു അർജുനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തത് . തുടർന്ന് ഡിസംബർ 13 ന് ചികഡ് പള്ളി പോലീസ് അറസ്റ്റു ചെയ്ത നടന് തെലങ്കാന ഹൈക്കോടതി ഇടകാല ജാമ്യമനുവദിച്ചിരുന്നു .
കേസിൽ സ്വാഭാവിക ജാമ്യം ലഭിക്കാൻ കഴിഞ്ഞ മാസമായിരുന്നു അല്ലു അർജുൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത് . സന്ധ്യ തിയേറ്ററിലുണ്ടായ അനിഷ്ട സംഭവത്തിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നും പോലീസിൻ്റെ അനുമതിയോടെയാണ് ബെനിഫിറ്റ് ഷോ കാണാൻ എത്തിയതെന്നുമാണ് നടൻ്റെ വാദം . അതെ സമയം അനുമതി ഇല്ലാതെ തിയേറ്ററിൽ എത്തിയ അല്ലു അർജുൻ്റെ സാന്നിധ്യമാണ് തിരക്ക് അനിയന്ത്രിതമാക്കിയതെന്നു തെളിയിക്കുന്ന ദൃശ്യങ്ങൾ ഹൈദരാബാദ് പൊലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട് . കേസിൽ അല്ലു അർജുൻ ഉൾപ്പടെ 17 പ്രതികളാണുള്ളത്.
ഇക്കഴിഞ്ഞ ഡിസംബര്‍ നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് ഹൈദരാബാദ് സന്ധ്യ തിയറ്ററില്‍ എത്തിയ ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതിയാണ് ദാരുണമായി മരിച്ചത്. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു രേവതിയും കുടുംബവും പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് എത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ തിയേറ്ററിലേക്ക് എത്തുകയും താരത്തെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയേറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു.
സംഭവത്തില്‍ സന്ധ്യ തിയേറ്റര്‍ ഉടമ, മാനേജര്‍, സെക്യൂരിറ്റി ഇന്‍ ചാര്‍ജ് എന്നിവര്‍ക്കെതിരെ കേസെടുത്തു. തൊട്ടുപിന്നാലെ അല്ലു അര്‍ജുനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു ദിവസം ജയിലില്‍ കിടന്ന ശേഷമാണ് അല്ലു പുറത്തിറങ്ങിയത്. സംഭവത്തില്‍ അല്ലു അര്‍ജുന്റെ ബൗണ്‍സറായ ആന്റണിയും അറസ്റ്റിലായിരുന്നു. ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗണ്‍സര്‍മാര്‍ ആരാധകരെ തള്ളുകയും മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവ സമയത്ത് തിയേറ്ററിന്റെ നിയന്ത്രണം പൂര്‍ണമായും ബൗണ്‍സര്‍മാര്‍ ഏറ്റെടുത്തിരുന്നു. സന്ധ്യ തിയേറ്ററിലെ തിരക്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ അല്ലു അര്‍ജുനെതിരായ കുരുക്ക് മുറുകുന്നുവെന്നാണ് സൂചന.