Uncategorized
ബസ് മാറിക്കയറിയതറിഞ്ഞ് തിരിച്ചിറങ്ങി, റോഡിലേക്ക് വീണ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വയോധികയുടെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്. തൃശൂർ വടക്കാഞ്ചേരി കുന്നംകുളം പാതയിൽ ഒന്നാം കല്ല് ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. പുതുവീട്ടിൽ നബീസ (68)യ്ക്കാണ് പരിക്ക് പറ്റിയത്. കുന്നംകുളത്തേക്ക് പോകാൻ ബസ് കാത്തിരിക്കുകയായിരുന്നു ഇവർ. എന്നാൽ കുന്നംകുളത്തേക്കുള്ള ബസിലായിരുന്നില്ല ഇവർ കയറിയത്. ബസ് മാറിപ്പോയെന്ന് മനസിലാക്കി തിരികെ ഇറങ്ങിയപ്പോൾ ബസിൽ നിന്ന് വീണു. വടക്കാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പി കറവപുത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് വയോധികയുടെ കാലിനു മുകളിൽ കയറിയിറങ്ങുകയായിരുന്നു. കാലിന് ഗുരുതര പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.