ന്യൂ ഇയർ ആഘോഷിക്കാൻ ക്ഷണിച്ചു, രാത്രി ലൈംഗികാതിക്രമം; അമ്മയേയും മകനെയും കൊന്നത് 19 വയസുള്ള 2 പേർ, അറസ്റ്റിൽ
മുംബൈ: മുംബൈയിൽ പുതുവത്സരാഘോഷത്തിനിടെ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാമോഠെയിലെ ഫ്ലാറ്റിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഗീത ഭൂഷൺ (70), മകൻ ജിതേന്ദ്ര (45) എന്നിവരെയാണ് ബുധനാഴ്ച കാമോഠെ സെക്ടർ 6-ലെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ജിതേന്ദ്രയുടെ പരിചയക്കാരായ സൻജ്യോത് മൻഗേഷ്, ശുഭം നാരായണി എന്നിവരാണ് പിടിയിലായത്. ഇരുവർക്കും 19 വയസാണ് പ്രായം.
മൻഗേഷിനേയും ശുഭത്തേയും ജിതേന്ദ്ര ന്യൂയർ ആഘോഷിക്കാനായി തന്‍റെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാൽ രാത്രി മദ്യലഹരിയിൽ ജിതേന്ദ്ര ഇവരോട് ലൈംഗികാതിക്രമണം നടത്തി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ജിതേന്ദ്ര മോശമായി പെരുമാറിയതോടെ പ്രകോപിതരായ യുവാക്കൾ എക്സ്റ്റൻഷൻ ബോർഡിന്റെ കേബിൾ ഉപയോഗിച്ച് ഇയാളുതെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജിതേന്ദ്ര കൊല്ലപ്പെട്ടതോടെ തെളിവ് നശിപ്പിക്കാനാണ് സൻജ്യോതും ശുഭവും അമ്മയേയും കൊലപ്പെടുത്തിയത്. പിന്നാലെ വീട്ടിലുണ്ടായിരുന്ന ലാപ്ടോപ്പും, ആഭരണങ്ങളും, മൊബൈൽ ഫോണുകളും, ജിതേന്ദ്രയുടെ പഴ്സും കവർന്ന ശേഷം ഫ്ലാറ്റിൽ നിന്നും മുങ്ങി. പിറ്റേന്ന് രാവിലെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പലതവണ വിളിച്ചിട്ടും ജിതേന്ദ്രയും അമ്മയും വാതിൽ തുറന്നില്ല, ഫോണിലും കിട്ടിയില്ല.
തുടർന്ന് ബന്ധുക്കൾ വിവരം പൊലീസിൽ അറിയിച്ചു. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയപ്പോഴാണ് കിടപ്പുമുറികളിൽ ജിതേന്ദ്രയേയും അമ്മയേയും മരിച്ച നിലയിൽ കണ്ടത്. വാതിൽ തുറന്നപ്പോൾ പാചകവാതകം പടർന്ന നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സൻജ്യോതും ശുഭവും രാത്രി ഫ്ലാറ്റിൽ വന്ന് പോയതായി പൊലീസ് കണ്ടെത്തി. പിന്നാലെയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.