കലൂർ സ്റ്റേഡിയം അപകടം; മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ, കോടതിയിൽ ഹാജരാക്കും
കലൂർ സ്റ്റേഡിയത്തിലെ വിവാദ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയും സംഘാടകരായ മൃദംഗവിഷന്റെ എംഡിയുമായ നിഗോഷ് കുമാർ അറസ്റ്റിൽ. പാലാരിവട്ടം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിർദേശപ്രകാരം ഇന്നലെ ഉച്ചയ്ക്ക് കീഴടങ്ങിയിരുന്നു. ഇയാളെ രാവിലെ കോടതിയിൽ ഹാജരാക്കും.
കലൂർ സ്റ്റേഡിയം അപകടത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. കലൂർ ഹെൽത്ത് സർക്കിളിലെ എം എൻ നിതയെ ആണ് സസ്‌പെൻഡ് ചെയ്തത്. കലൂരിലെ ഡാൻസ് പരിപാടിയിലും പണം ഇടപാടിലും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.
അതേസമയം നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് മടക്കം. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പരിപാടിയിൽ പങ്കെടുത്ത നൃത്ത അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.