കെഎസ്ആർടിസി അടക്കം സർവ്വീസ് അനുവദിക്കില്ല; കലോത്സവത്തിന് ജനുവരി 4 മുതൽ 8 വരെ കിഴക്കേകോട്ടയിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്നതിനാൽ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തും. കലോത്സവം നടക്കുന്ന ജനുവരി 4 മുതൽ 8 വരെ കാലയളവിൽ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കിഴക്കേകോട്ട മുതൽ ഗണപതി ക്ഷേത്രം വരെ റോഡിന്റെ ഇരുവശങ്ങളിലും കെഎസ്ആർടിസിയുടെയും സ്വകാര്യ വാഹനങ്ങളുടേയും സർവ്വീസ് നടത്താൻ അനുവദിക്കില്ല.
ഈ ഭാഗങ്ങളിൽ നിന്നുള്ള സർവ്വീസുകൾ അട്ടക്കുളങ്ങര വെട്ടിമുറിച്ച കോട്ട, കോട്ടയ്ക്കകം, പാർക്കിംഗ് കേന്ദ്രങ്ങളിൽ നിന്നും നടത്തുമെന്നും മന്ത്രി അറിയിച്ചു. 2016 ൽ ആണ് അവസാനമായി തിരുവനന്തപുരം കലോത്സവത്തിന് വേദി ആയത്. 9 വർഷങ്ങൾക്ക് ശേഷം കലോത്സവം വീണ്ടും തലസ്ഥാനത്ത് എത്തുമ്പോൾ ആതിഥ്യമരുളാൻ തിരുവനന്തപുരം നഗരം ഒരുങ്ങി കഴിഞ്ഞുവെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മേളയിൽ പതിനയ്യായിരത്തോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 3:30 PM 1/2/2025നൃത്ത രൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകുകയാണ്. മംഗലംകളി, പണിയനൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ നൃത്തരൂപങ്ങൾ.
അന്യം നിന്നു പോകുമായിരുന്ന നാടൻ കലകളും, പ്രാചീന കലകളും ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് സ്‌കൂൾ കലോത്സവം നൽകിയ സംഭാവന എടുത്ത് പറയേണ്ടതാണ്. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളർഷിപ്പായി ആയിരം രൂപ നൽകുന്നുണ്ട്. കേരളത്തിനകത്തും പുറത്തു നിന്നുമുള്ള പ്രഗത്ഭരായ വ്യക്തികളെയാണ് വിധി നിർണ്ണയത്തിന് കണ്ടെത്തിയിട്ടുള്ളത്.