Uncategorized
സങ്കടത്തിന് വിട, കുഞ്ഞുവൈഗയ്ക്ക് വീടൊരുങ്ങി, കൈപിടിച്ച് സുമനസുകൾ
കൊച്ചി: എറണാകുളം എടവനക്കാട് സ്വദേശി പത്ത് വയസുകാരി വൈഗയ്ക്ക് ഒടുവിൽ വീടൊരുങ്ങി. വാർത്തയെ തുടർന്ന് നിരവധി സുമനസുകളാണ് സഹായവുമായെത്തിയത്. മൂന്ന് വയസിൽ അപകടത്തിൽ അമ്മയെയും പിന്നീട് കൊവിഡിനെ തുടർന്ന് അച്ഛനും നഷ്ടപ്പെട്ട വൈഗ അച്ഛമ്മയുടെ സംരക്ഷണയിലാണ്. ഇന്ന് വൈഗയുടെ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞു.
പെയ്ന്റിംഗ് തൊഴിലാളിയായിരുന്ന അച്ഛന് ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ച് കിട്ടിയിരുന്നു. പണി പൂർത്തിയാക്കാൻ സാധിക്കാതെ വന്നപ്പോൾ ബാങ്കിൽ നിന്ന് ലോണെടുത്തു. അടവ് മുടങ്ങിയതോടെ വീട് ജപ്തി ഭീഷണി നേരിട്ടു. വാർത്ത പുറത്തുവന്നതിനെ തുടർന്ന് വൈഗയ്ക്ക് സഹായമെത്തുകയായിരുന്നു. വീട് പൂർത്തിയാക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു വൈഗയുടെ അച്ഛമ്മ പറയുന്നു. ഇനി കൊച്ചിനെ പഠിപ്പിച്ച് നല്ല നിലയിലാക്കണമെന്നാണ് ആഗ്രഹമെന്നും അച്ഛമ്മ കൂട്ടിച്ചേർത്തു.