Uncategorized

താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി, 80 വയസുള്ള യാചകയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച് യുവാവ്

കൃഷ്ണഗിരി: 80 വയസുള്ള യാചകയെ താമസ സ്ഥലത്ത് എത്തിക്കാമെന്ന ഉറപ്പിൽ വാഹനത്തിൽ കയറ്റി പീഡിപ്പിച്ച് അജ്ഞാതനായ യുവാവ്. തമിഴ്നാട്ടിലെ ഹൊസൂരിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഹൊസൂർ ബസ് സ്റ്റാൻഡിലും പരിസരത്തും ഭിക്ഷ തേടി ജീവിച്ചിരുന്ന 80കാരിയേയാണ് അജ്ഞാതനായ യുവാവ് പീഡിപ്പിച്ചത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. ചൊവ്വാഴ്ച രാത്രി താമസ സ്ഥലത്തേക്ക് പോകാനായി നിന്ന 80 കാരിയെ 25 വയസോളം പ്രായം വരുന്ന ബൈക്കിലെത്തിയ യുവാവ് സമീപിച്ച് എവിടെയെങ്കിലും വിടേണ്ടതുണ്ടോയെന്ന് ചോദിച്ചു. കേളാമംഗലത്തേക്കാണ് പോകുന്നതെന്ന് 80കാരി പറഞ്ഞതോടെ യുവാവ് അവിടെ വാഹനത്തിൽ എത്തിക്കാമെന്ന് അറിയിച്ചു. ഇതിന് പിന്നാലെ 80 കാരി ബൈക്കിൽ കയറി. എന്നാൽ കേളാമംഗലത്തേക്ക് പോവുന്നതിന് പകരം യുവാവ് പോയത് പെരന്തപ്പള്ളി റിസർവ്വ് വനമേഖലയിലേക്ക് ആയിരുന്നു. ഇവിടെ വച്ച് യുവാവ് 80കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

പീഡനത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് യുവാവ് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ദേഹമാസകലം പരിക്കുമായി വയോധികയെ കാട്ടിലുപേക്ഷിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഇതുവഴി വന്ന പ്രദേശവാസികളിൽ ചിലരാണ് അവശനിലയിൽ വയോധികയെ നഗ്ന നിലയിൽ കണ്ടെത്തിയത്. ഇവർ ഹൊസൂർ പൊലീസിന്റെ സഹായത്തോടെ വയോധികയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ അജ്ഞാതനായ യുവാവിനെ കണ്ടെത്താനായി കൃഷ്ണഗിരി ഡിഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. വയോധികയെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോയ യുവാവിനെ കണ്ടെത്താനായി ഹൊസൂർ ബസ് സ്റ്റാൻഡ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ അരിച്ച് പെറുക്കുകയാണ് പൊലീസ് സംഘം. ആശുപത്രിയിലുള്ള വയോധികയുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button