Uncategorized

3 വർഷവും എൻജിനിയറിംഗ് പരീക്ഷയിൽ തോറ്റു, കൃഷിയിലേക്ക് തിരിയാൻ 21 കാരനോട് മാതാപിതാക്കൾ, കൊല, അറസ്റ്റ്

നാഗ്പൂർ: മൂന്ന് വർഷവും എൻജിനിയറിംഗ് പരീക്ഷയിൽ പരാജയപ്പെട്ടതിന് മകനെ ശാസിച്ച മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി മകൻ. അഞ്ച് ദിവസത്തോളം കിടക്കയ്ക്ക് കീഴിൽ സൂക്ഷിച്ച മാതാപിതാക്കളുടെ മൃതദേഹങ്ങൾ അഴുകി ദുർഗന്ധം സമീപ വീടുകളിലേക്ക് എത്തിയതോടെയാണ് ക്രൂരകൃത്യം പുറംലോകം അറിയുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് 21കാരൻ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. മൂന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയായ ഉത്കർഷ് ഡാക്കോളേയെ സംഭവത്തിൽ പൊലീസ് അറസ്റ്റു ചെയ്തു.

പഠനത്തിൽ പിന്നിലായിരുന്ന ഉത്കർഷ് എൻജിനിയറിംഗ് പരീക്ഷയിൽ മൂന്ന് വർഷവും ചില വിഷയങ്ങളിൽ തോറ്റിരുന്നു. ഇതോടെ ഐടിഐ രംഗത്തേക്ക് പഠനം മാറ്റാനോ അല്ലാത്ത പക്ഷം കുടുംബത്തിന്റെ കൃഷി ഏറ്റെടുക്കാനോ ശ്രമിക്കാൻ മാതാപിതാക്കൾ നിരന്തരമായി 21കാരനോട് ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ വന്ന പരീക്ഷാ ഫലത്തിലും 21കാരൻ തോറ്റതിന് പിന്നാലെ ഡിസംബർ 25ന് പിതാവ് എൻജിനിയറിംഗ് വിദ്യാർത്ഥിയുടെ മുഖത്തടിച്ചിരുന്നു. ഡിസംബർ 26ന് പിതാവ് ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പുറത്ത് പോവുകയും ഏക സഹോദരി കോളേജിൽ പോവുകയും ചെയ്ത സമയത്താണ് അമ്മ അരുണയെ 21കാരൻ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ ഏറെ നേരം മൃതദേഹം നോക്കി നിന്ന യുവാവ് പിതാവിനേയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതിന് ശേഷം മാതാപിതാക്കൾ ബെംഗളൂരുവിൽ ഒരു ധ്യാന പരിപാടിക്ക് പോയെന്ന് വിശദമാക്കി സഹോദരിയ്ക്കൊപ്പം ബന്ധുവീട്ടിൽ പോവുകയായിരുന്നു 21കാരൻ ചെയ്തത്. ജനുവരി 1ന് ഒറ്റനില വീടിനുള്ളിൽ നിന്ന് ദുർഗന്ധം സമീപ വീടുകളിലേക്ക് പടർന്നതിന് പിന്നാലെ അയൽവീട്ടുകാർ വാതിൽ തുറന്ന് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

നാഗ്പൂരിലെ കാംപ്ടി റോഡിലെ വസതിയിൽ നിന്നാണ് കോരാഡി തെർമൽ പവർ സ്റ്റേഷൻ ജീവനക്കാരൻ ലീലാധറിനേയും ഭാര്യയ അരുണയുടേയും അഴുകിയ നിലയിലുള്ള മൃതദേഹം പൊലീസ് കണ്ടെത്തിയത്. പരിശോധനയ്ക്ക് ഇടയിൽ ലീലാധറിന്റെ ഫോണിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെങ്കിലും വീടും മുറികളും പുറത്ത് നിന്ന് പൂട്ടിയ നിലയിലായതാണ് പൊലീസിന് സംഭവത്തിൽ സംശയമുണ്ടാക്കിയത്. കൊലപാതകത്തിന് പിന്നാലെ പിതാവിന്റെ ഫോൺ 21കാരൻ എടുത്തുകൊണ്ട് പോയിരുന്നു. ടൈം ലൈൻ, ലൊക്കേഷൻ എന്നിവ ഓഫ് ചെയ്ത ഈ ഫോൺ പിന്നീട് വീട്ടിൽ നിന്ന് കിട്ടിയതാണെന്ന് വ്യക്തമാക്കി 21 കാരൻ പൊലീസിന് കൈമാറുകയായിരുന്നു. സംശയം തോന്നിയ പൊലീസുകാർ 21കാരനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതക വിവരം പുറത്ത് വരുന്നത്. പഠനത്തിൽ പിന്നിലായതോടെ എൻജിനിയറിംഗ് വിട്ട് മറ്റ് കോഴ്സുകളെടുക്കാനും കൃഷിയിലേക്ക് തിരിയാനും മാതാപിതാക്കൾ നിരന്തരമായി പ്രേരിപ്പിച്ചിരുന്നതിലെ പകയിലാണ് കൊലപാതകമെന്നാണ് യുവാവ് പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button