ഭർത്താവിന്റെ വൃക്കകളും കരളും തകരാറിൽ, കരൾ നൽകാനൊരുങ്ങിയ ഭാര്യക്ക് ക്യാൻസറും ഹൃദ്രോഗവും; സഹായം തേടി കുടുംബം
പാലക്കാട്: ഇരു വൃക്കകളും കരളും തകരാറിലായ ഭർത്താവിന് കരൾ പകുത്ത് നൽകാനൊരുങ്ങിയ ഭാര്യക്കും ക്യാൻസറും ഹൃദ്രോഗവും പിടിപെട്ടതോടെ ദുരിതത്തിലായിരിക്കുകയാണ് ഒരു കുടുംബം. പാലക്കാട് ശ്രീകൃഷ്ണപുരം തേക്കിൻ കാട്ടിൽ അനിൽ കുമാറും ഭാര്യ ദീപയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമാണ് സുമനസുകളുടെ സഹായം തേടുന്നത്.
രണ്ട് വർഷം മുമ്പാണ് അനിൽകുമാറിൻ്റെ ഇരുവൃക്കകളും കരളും പ്രവർത്തന രഹിതമായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ വൃക്കയും കരളും പകുത്ത് നൽകാൻ ഭാര്യ ദീപ തയാറായി. പരിശോധനകൾ പൂർത്തിയായപ്പോഴേക്കും കുടുംബത്തിന് മേൽ വന്നത് മറ്റൊരു ആഘാതം. ദീപയ്ക്ക് നട്ടെല്ലിന് ക്യാൻസറും ഹൃദ്രോഗവുമുണ്ടെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ഇതോടെ ചികിത്സാച്ചെലവേറി. രണ്ട് പേരുടെയും ചികിത്സയ്ക്കായി മാത്രം മാസം അരലക്ഷത്തോളം രൂപയാണ് വേണ്ടത്. ചികിത്സാ ധന സമാഹരണത്തിനായി നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇനി വേണ്ടത് സുമനസുകളുടെ സഹായമാണ്.