Uncategorized
മഹാദേവപുരയിലെ ആഡംബര ബൈക്ക് ഷോറൂമുകളിൽ വൻ തീപിടിത്തം; അമ്പതോളം ബൈക്കുകൾ കത്തി നശിച്ചു
ബംഗളൂരു: ബംഗളുരു മഹാദേവപുരയിലെ രണ്ട് ആഡംബര ബൈക്ക് ഷോറൂമുകളിൽ വൻ തീപിടിത്തം. വൈറ്റ് ഫീൽഡ് റോഡിലുള്ള കാമധേനു ലേ ഔട്ടിലെ യമഹ ബൈക്ക് ഷോറൂമിലും ട്രയംഫ് എന്ന വാഹനഷോറൂമിലുമാണ് വൻ തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഷോറൂമുകളിൽ നിന്ന് വലിയ തീയും പുകയും ഉയരുന്നത് കണ്ടത്.
ഷോറൂമുകളിൽ ഉണ്ടായിരുന്ന അമ്പതോളം ബൈക്കുകൾ കത്തി നശിച്ചു. ആളപായമില്ല. ആർക്കും പരിക്കേറ്റതായും റിപ്പോർട്ടില്ല. യമഹ ഷോറൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം. ഇവിടെ നിന്ന് തീ തൊട്ടടുത്ത ട്രയംഫ് ഷോറൂമിലേക്കും പടരുകയായിരുന്നു. ഒന്നരമണിക്കൂറെടുത്താണ് അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയത്.