വളക്കൈ അപകടം: ‘ബസ് അമിത വേഗത്തിലായിരുന്നു; ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ച’; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍
കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് വളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാര്‍ഥി മരിക്കാനിടയായ അപകടത്തില്‍ ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിയാസ്. ബസ് അമിത വേഗത്തിലായിരുന്നു. സ്‌കൂള്‍ ബസിന് 14 വര്‍ഷത്തെ പഴക്കമുണ്ടെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നടക്കം മനസിലാകുന്നത് ഡ്രൈവര്‍ അമിത വേഗത്തിലായിരുന്നു എന്നാണ്. അശാസ്ത്രീയമായ രീതിയിലുള്ള വളവാണ്. വാഹനത്തിന്റെ ഫിറ്റ്‌നസ് കാലാവധി ഡിസംബര്‍ 29ന് കഴിഞ്ഞതാണ്. പുതിയ നിര്‍ദേശപ്രകാരം ഫിറ്റ്‌നസിന്റെ ഡേറ്റ് ഏകീകരിച്ച് കൊടുത്തിട്ടുണ്ട് – മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.
കുറമാത്തൂര്‍ ചിന്മയ സ്‌കൂളിന്റെ ബസാണ് അപകടത്തിപ്പെട്ടത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. ഒരു വിദ്യാര്‍ഥിയുടെ നില ഗുരതരമാണ്. വളക്കൈ പാലത്തിന് സമീപമത്ത് വെച്ചായിരുന്നു അപകടം. സ്‌കൂള്‍ വിട്ട ശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് നിയന്ത്രണം വിട്ട് ബസ് മറിഞ്ഞത്. അപകടം നടന്ന ഉടന്‍ തന്നെ സ്ഥത്തെത്തി നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.