Uncategorized

സമരം ചെയ്തപ്പോൾ വഴിവിളക്ക് തെളിഞ്ഞു, അധികം വൈകിയില്ല, തൂണടക്കം അപ്രത്യക്ഷം, പുതുവർഷത്തിൽ ചേറ്റുവ പാലം ഇരുട്ടിൽ

തൃശൂർ: പുതുവർഷത്തിൽ ചേറ്റുവ പാലം ഇരുട്ടിൽ. ചേറ്റുവ പാലത്തിൽ വഴിവിളക്ക് കത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് പിന്നാലെ കത്തിയ വിളക്കും തൂണും ഇല്ലാതായി. വൈദ്യുതി വിളക്കുകൾ പ്രകാശിക്കാതായിട്ട് മാസങ്ങൾ പിന്നിട്ടു. വിളക്കുകൾ പ്രകാശിപ്പിക്കണം എന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ ലെത്തീഫ് കെട്ടുമ്മൽ പാലത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ജില്ലാ കലക്ടർക്ക് പരാതിയും നൽകി.

തുടർന്ന് കലക്ടർ ദേശീയപാത നിർമ്മാണ കമ്പനിക്ക് പാലത്തിലെ വൈദ്യുതി വിളക്കുകൾ അടിയന്തിരമായി പ്രകാശിപ്പിക്കാൻ നോട്ടീസ് അയക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ പാലത്തിലെ വഴിവിളക്കുകൾ പ്രകാശിച്ചു. പക്ഷേ ദിവസങ്ങൾക്ക് ശേഷം പാലത്തിലെ വൈദ്യുതി വിളക്കുകളും തൂണുകളും ചേറ്റുവ അപ്രത്യക്ഷമായി. നിലവിൽ പാലത്തിൽ വൈദ്യുതി തൂണുകളുമില്ല വെളിച്ചവുമില്ല. രാത്രി സമയങ്ങളിൽ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ മാത്രമാണ് ചെറിയ പ്രകാശമെങ്കിലും പാലത്തിൽ ഉണ്ടാകുന്നത്. ഇരുട്ടിന്റെ മറവിൽ മാലിന്യം വലിയ ചാക്കുകളിലാക്കി പാലത്തിൽ നിന്ന് പുഴയിലേയ്ക്ക് വലിച്ചെറിയുന്നതും പതിവായി.

മത്സ്യത്തൊഴിലാളികളുടെ വലയിൽ മാലിന്യം തടഞ്ഞ് ദുരിതത്തിലായി. കാൽനടയാത്രക്കാർക്ക് പാലത്തിലെ ഇരുട്ട് വൻ ഭീഷണിയായി മാറിയിട്ടുണ്ട്. ചേറ്റുവ പാലത്തിൽ പലഭാഗങ്ങളിലും കുഴികളും, പുതിയ പാലത്തിന്റെ നിമ്മാണത്തിന് ഉപയോഗിച്ച് ബാക്കിവന്ന കോൺക്രീറ്റ് അവശിഷ്ടങ്ങളും പാലത്തിൽ കൂടി കിടക്കുന്നത് മൂലം വാഹനയാത്രക്കാർക്ക് ഏറെ ഭീഷണിഉയർത്തുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ പാലത്തിലെ കുഴിയിൽ വീണ് അപകടം ഉണ്ടാവുന്നത് പതിവു കാഴ്ചയാണ്. പലതവണ പാലത്തിലെ അപകടങ്ങൾ ദേശീയപാത നിർമാണ കമ്പനി അധികൃതർ നേരിൽ കണ്ടിട്ടും വേണ്ട നടപടി സ്വീകരിക്കാനോ വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയോ ഉണ്ടായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button