ഭേദമായ കാൻസർ വീണ്ടും, മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണമില്ല, അമ്മയ്ക്കും അസുഖം; ചികിത്സാസഹായം തേടി ആതിര
തിരുവനന്തപുരം: കാൻസർ ബാധിച്ച് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ സഹായം തേടുകയാണ് തിരുവനന്തപുരം മുടവൻമുകൾ സ്വദേശി ആതിര. അമ്മയുടെ ചികിത്സയ്ക്കായി വീടും സ്ഥലവും വിറ്റ ആതിരയുടെ കുടുംബത്തിന് മുന്നിൽ ഒരു വഴിയുമില്ല.
തുടർച്ചയായ രോഗബാധയാണ് ആതിരയെയും കുടുംബത്തെയും പ്രതിസന്ധിയിലാക്കിയത്. കംപ്യൂട്ടർ എൻഞ്ചിനിയർ ആകണമെന്നായിരുന്നു ആതിരയുടെ ആഗ്രഹം. പ്ലസ് ടു കഴിഞ്ഞ ഉടനെ തമിഴ്നാട്ടിലെ ഒരു കോളേജിൽ കംപ്യൂട്ടർ എൻഞ്ചിനിയറിംഗിന് അഡ്മിഷനും ലഭിച്ചു. പക്ഷെ കാൻസറാണെന്ന് തിരിച്ചറിഞ്ഞതോടെ 2017ൽ ആദ്യ വർഷം തന്നെ പഠനം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. ആർഎസിസിയിലെ ചികിത്സക്ക് ശേഷം 2019 ൽ രോഗം ഭേദമായി. പക്ഷെ പിന്നീട് അമ്മക്ക് കാൻസർ സ്ഥിരീകരിച്ചു. ചികിത്സക്കായി ആകെയുണ്ടായിരുന്ന മൂന്ന് സെൻറ് സ്ഥലവും വീടും വിറ്റു. ഇതിനിടെയാണ് വീണ്ടും ആതിരക്ക് കാൻസർ ബാധ സ്ഥിരീകരിച്ചത്.
മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഇനി മുന്നിലുള്ള ഏക വഴി. അതിനായി ഏകദേശം 10 ലക്ഷത്തോളം രൂപയ്ക്ക് മുകളിൽ ചിലവാകും. അടുത്ത മാസമാണ് ഓപ്പറേഷന് തയ്യാറാകാൻ ആശുപത്രി അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ ഓപ്പറേഷനുള്ള തുക എങ്ങനെ കണ്ടത്തുമെന്ന ആശങ്കയിലാണ് കുടുംബം. ഇപ്പോൾ ബന്ധു വീട്ടിലാണ് ഇവരുടെ താമസം.