Uncategorized

ഗിന്നസ് റെക്കോർഡ് ലഭിച്ചാൽ സാമ്പത്തിക ലാഭമുണ്ടോ? റെക്കോർഡിന് ശ്രമിക്കുന്നവർക്ക് ഗിന്നസ് പക്രുവിന്‍റെ മറുപടി

തിരുവനന്തപുരം: സാമ്പത്തിക ലാഭം പ്രതീക്ഷിച്ചോ സ്വന്തം ജീവൻ അപകടപ്പെടുത്തിയോ ആരും ഗിന്നസ് റെക്കോഡിനായി ശ്രമിക്കരുതെന്ന് നടനും ഗിന്നസ് താരവുമായ ഗിന്നസ് പക്രു. ഗിന്നസ് റെക്കോഡ് കിട്ടിയാൽ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കാം എന്നു മാത്രം ആണ് ഗുണം. ഗിന്നസിന്‍റെ മറവിൽ തട്ടിപ്പുകൾ നടക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും ഗിന്നസ് പക്രു പറ‍ഞ്ഞു.

പണം കൊടുത്തും മറ്റും പലരും വഞ്ചിക്കപ്പെടാറുണ്ട്. റെക്കോർഡുകൾ എന്നത് ക്രെഡിറ്റ് മാത്രമാണ്. ആ റെക്കോർഡ് എപ്പോൾ വേണമെങ്കിലും തകർക്കപ്പെടും. സർട്ടിഫിക്കറ്റായി സൂക്ഷിക്കാമെന്ന് മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ റിസ്ക് എടുത്ത് റെക്കോർഡിനൊന്നും ശ്രമിക്കരുതെന്നാണ് തന്നോട് ചോദിക്കുന്നവരോട് പറയാറുള്ളതെന്ന് ഗിന്നസ് പക്രു വിശദീകരിച്ചു. എംഎൽഎയ്ക്ക് സംഭവിച്ച അപകടത്തിൽ ദുഃഖമുണ്ടെന്നും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയ് കുമാർ പറഞ്ഞു. ഗിന്നസ് റെക്കോർഡിനായുള്ള നൃത്ത പരിപാടിക്കിടെ കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. മകനെ കണ്ടപ്പോൾ കണ്ണുകള്‍ തുറന്നുവെന്നും കൈകാലുകള്‍ അനക്കിയെന്നും ആശുപത്രി മെഡിക്കൽ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പറഞ്ഞു.

എന്നാൽ ശ്വാസകോശത്തിലെ പരിക്ക് വെല്ലുവിളിയാണ്. ഇന്നലത്തെ എക്സ്റേയിൽ നേരിയ പുരോഗതിയുണ്ട്. വാരിയെല്ല് പൊട്ടിയതിന്‍റെ പരിക്ക് ഭേദമാക്കേണ്ടതുണ്ട്. ആന്‍റി ബയോട്ടിക്കുകളോട് പ്രതികരിക്കുന്നുണ്ട്. ഗുരുതരാവസ്ഥ മാറണമെങ്കിൽ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി 24 മണിക്കൂര്‍ നിരീക്ഷിക്കണം. തുടര്‍ ചികിത്സ പ്രധാനമാണെന്നും ട്യൂബിലൂടെയാണ് ഭക്ഷണം കൊടുക്കുന്നതെന്നും ന്യൂമോണിയ വരാതെ നോക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button