Uncategorized

കസ്റ്റോഡിയന്‍ വിദ്യാഭ്യാസ വകുപ്പ്, ഒറ്റയ്ക്ക് എങ്ങനെ ഗൂഡാലോചന നടത്തും? ചോദ്യപേപ്പർ ചോർച്ച കേസിൽ കോടതി

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ അന്വേഷ ഉദ്യോഗസ്ഥർക്കെതിരെ പരോക്ഷ വിമർശനവുമായി കോടതി. ചോദ്യ പേപ്പര് ചോര്‍ച്ചാ കേസില്‍ ക്രിമിനല്‍ ഗൂഡാലോചനയുള്‍പ്പെടെയുള്ള വകുപ്പുകള്‍ എങ്ങനെ നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ചിനോട് കോടതി. ഒരാള്‍ക്ക് ഒറ്റക്ക് ഗൂഡാലോചന നടത്താന്‍ കഴിയില്ലല്ലോയെന്നും കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ചോദിച്ചു. എം എസ് സൊല്യൂഷന്‍സ് ഉടമ എം ഷുഹൈബിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോളായിരുന്നു കോടതിയുടെ ചോദ്യം.

വിദ്യാഭ്യാസ വകുപ്പാണ് ചോദ്യ പേപ്പറിന്‍റെ കസ്റ്റോഡിയന്‍. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ലല്ലോയെന്നും കോടതി ചോദിച്ചു. ചോദ്യങ്ങള്‍ പ്രവചിക്കുന്നത് കുറ്റകരമല്ലെന്നും കോടതി നിരീക്ഷിച്ചു. വിശ്വാസ വഞ്ചന കുറ്റം ചുമത്തിയതിലെ യുക്തിയും കോടതി ആരാഞ്ഞു. പ്രതിയെ ആരാണ് വിശ്വസിച്ചിരുന്നതെന്നായിരുന്നു ചോദ്യം. എന്നാല്‍ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂവെന്ന മറുപടിയാണ് പ്രോസിക്യൂഷന്‍ നല്‍കിയത്. കേസില്‍ അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു.

ചോദ്യ പേപ്പര് ചോര്‍ത്തിയിട്ടില്ലെന്നും പ്രവചനം നടത്തുകയാണ് ചെയ്തതെന്നുമായിരുന്നു ഷുഹൈബിന്‍റെ വാദം. അതിനാൽ വിശ്വാസ വഞ്ചന വകുപ്പുകള്‍ കേസില്‍ നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. കേസില്‍ അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഷുഹൈബിനെ കസ്റ്റഡിയിലടുത്ത് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ഇയാൾ കോടതിയെ സമീപിച്ചത്.

അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തുന്നില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ശനിയാഴ്ച കോഴിക്കോട് സത്യഗ്രഹ സമരം സംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ക്രിസ്മസ് പരീക്ഷയുടെ എസ് എസ് എല്‍സി ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് ചോദ്യ പേപ്പറുകളാണ് ചോര്‍ന്നതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ചുള്ളത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേർത്തതും. വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button