‘കലൂർ സ്റ്റേഡിയത്തിലെ പരിപാടിയുടെ സംഘാടനത്തിൽ പിഴവ് ഉണ്ട്, സമഗ്രമായ അന്വേഷണം വേണം’; രമേശ് ചെന്നിത്തല
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കു പറ്റിയ സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മെഗാ ഇവന്റ് സംഘടിപ്പിക്കുമ്പോൾ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ട ബാധ്യത ഉദ്യോഗസ്ഥർക്കും ജിസിഡിഎക്കും ഉണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റക്കാർക്കെതിരെ മാതൃക പരമായ നടപടി വേണം. എംഎൽഎയും, മന്ത്രിയും ഇരുന്ന സ്ഥലത്താണ് ഇതുപോലെ ഒരു അപകടം ഉണ്ടായത്. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് ഉണ്ട്. സമഗ്രമായ അന്വേഷണം വേണം. ഇനിയും ഇങ്ങനെയുള്ള സംഭവങ്ങൾ കേരളത്തിൽ ഉണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു.
ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ തെറ്റായ രീതിയിലാണ് ആഭ്യന്തര വകുപ്പ് പരോൾ അനുവദിച്ചതെന്നും ചെന്നിത്തല പ്രതികരിച്ചു. മനുഷ്യാവകാശ കമ്മീഷനെ മറയാക്കിയാണ് ഇത്തവണ പരോൾ അനുവദിച്ചത്. ഇത് ശരിയായ രീതിയല്ല. രാഷ്ട്രീയ താൽപര്യം അനുസരിച്ചാണ് ടിപി കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചത്. താൻ ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോൾ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്ന് കൊടി സുനി ആവശ്യപ്പെട്ടിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരിക്കൽ സെൻട്രൽ ജയിൽ സന്ദർശനത്തിന് പോയപ്പോൾ ആയിരുന്നു ഈ സംഭവമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വയനാട് കോൺഗ്രസ് നേതാവിൻ്റെയും മകൻ്റേയും മരണത്തിൽ ഐസി ബാലകൃഷ്ണൻ നിരപരാധിയാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. കെപിസിസി സമിതി ഇക്കാര്യം നേരത്തെ പരിശോധിച്ചതാണ്. രാഷ്ട്രീയമായ തേജോവധമാണ് ഇപ്പോൾ നടക്കുന്നത്. ഉത്തരവാദികൾ എന്ന് കണ്ടവർക്കെതിരെ നേരത്തെ നടപടിയെടുത്തതാണ്. ഐസി ബാലകൃഷ്ണനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. പാർട്ടി ഒറ്റക്കെട്ടായി ഇതിനെ നേരിടും. സംഭവത്തിന് ഉത്തരവാദികളായവരെ പാർട്ടി നേരത്തെ തന്നെ പുറത്താക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.