കട്ടപ്പനയിലെ സാബു തോമസിന്റെ നിക്ഷേപം കുടുംബത്തിന് തിരികെ നൽകി സഹകരണ സൊസൈറ്റി; നൽകിയത് 14,59,940 രൂപ
ഇടുക്കി: കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബു തോമസിന്റെ നിക്ഷേപ തുക തിരികെ നൽകി സഹകരണ സൊസൈറ്റി. 14,59,940 രൂപയാണ് തിരികെ നൽകിയിരിക്കുന്നത്. ഈ പണം തിരികെ ചോദിച്ചപ്പോൾ സാബുവിനെ ഉദ്യോഗസ്ഥർ അപമാനിക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് സാബു ജീവനൊടുക്കിയത്. ഈ തുക നേരത്തെ നൽകിയിരുന്നെങ്കിൽ സാബുവിന് ജീവൻ നഷ്‍ടപ്പെടുകയില്ലായിരുന്നു. ഡിസംബർ 20 നാണ് സാബു തോമസ് ജീവനൊടുക്കിയ്. നിക്ഷേപതുകയിൽ നിന്ന് 2 ലക്ഷം രൂപ സാബു ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് ബാങ്ക് അധികൃതർ പണം കൈമാറിയിരിക്കുന്നത്.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അമ്മ ത്രേസ്യാമ്മ ഇന്ന് അന്തരിച്ചു. അമ്മയുടെയും ഭാര്യയുടെയും ചികിത്സ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു സാബു പണത്തിന് വേണ്ടി ബാങ്കിനെ സമീപിച്ചത്. അമ്മയെും അച്ഛനെയും വീട്ടിൽ തനിച്ചാക്കിയിട്ടാണ് പലപ്പോഴും ബാങ്കിൽ പണമാവശ്യപ്പെട്ട് പോയിരുന്നതെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ സാബുവിന്റെ ഭാര്യ മേരിക്കുട്ടി വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകിട്ട് നാലു മണിക്ക് കട്ടപ്പന സെന്റ് ജോർജ് പള്ളിയിൽ ആണ് സംസ്കാരം നടക്കുക.