Uncategorized

‘എൻ എം വിജയന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു’; ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ അന്വേഷണം ഊർജിതമാക്കി

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താൻ അന്വേഷണം തുടങ്ങി. എൻ എം വിജയന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. ബാധ്യതയുടെ കൂടുതൽ വിശദാംശങ്ങൾ അന്വേഷിക്കുകയാണ് പൊലീസ്. വീട്ടിൽ നിന്ന് ഡയറികൾ ഉൾപ്പെടെ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്താനായില്ല. ആത്മഹത്യക്കുള്ള കാരണം അറിയില്ലന്ന് കുടുംബം മൊഴി നൽകിയതായാണ് വിവരം. കുടുംബാംഗങ്ങളുടെയും എൻ എം വിജയന്‍റെ അടുപ്പക്കാരുടെയും മൊഴിയെടുത്തിട്ടുണ്ട്. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

ആരോപണമുയർന്ന സാമ്പത്തിക വിഷയങ്ങളിൽ അടക്കം അന്വേഷണം നടത്താനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണന്‍റെ എംഎൽഎ ഓഫീസിലേക്ക് ബിജെപി ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. അർബൻ ബാങ്ക് തട്ടിപ്പിൽ ആരോപണമുയർന്നതോടെ എംഎൽഎ രാജിവെക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ സിപിഎമ്മും ഓഫീസിലേക്ക് നടത്തിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് എൻ.എം വിജയനും 38 കാരനായ മകൻ ജിജേഷും വീടിനുള്ളില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബാഗങ്ങള്‍ അമ്പത്തലത്തില്‍ പോയപ്പോഴായിരുന്നു കീടനാശിനി കഴിച്ചുള്ള ആത്മഹത്യ ശ്രമം. മാനസിക വെല്ലുവിളി നേരിടുന്ന മകൻ മുൻപ് ഒരു അപകടത്തില്‍പ്പെട്ട് നാളുകളായി കിടപ്പിലായിരുന്നു. ബത്തേരി അ‍ർബൻ ബാങ്ക് നിയമന തട്ടിപ്പിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ആരോപിക്കുന്ന സിപിഎം, ഇതിന് പിന്നില്‍ ഐസി ബാലകൃഷ്ണൻ എംഎല്‍എ ആണെന്ന് കുറ്റപ്പെടുത്തുന്നു.

ബാങ്ക് നിയമന വിവാദവുമായി ബന്ധപ്പെട്ട് രണ്ട് രേഖകളാണ് നിലവില്‍ പ്രചരിക്കുന്നത്. ഒന്ന് ജോലി നല്‍കാമെന്ന വ്യവസ്ഥയില്‍ എൻ എം വിജയനും പീറ്റർ എന്നയാളുമായി ഉണ്ടാക്കിയ കരാർ എന്ന തരത്തിലുള്ള രേഖ. മറ്റൊന്ന് വിജയൻ കെപിസിസി നേതൃത്വത്തിന് നല്‍കിയ പരാതി. രണ്ടിലും ഐ സി ബാലകൃഷ്ണന്‍റേ പേര് പരാമ‍ർശിക്കുന്നുണ്ട്. ഇത് രണ്ടും വ്യാജമാണെന്ന് കോണ്‍ഗ്രസും എംഎല്‍എയും പറയുന്നു. ആരോപണങ്ങള്‍ക്കിടെ ഐ സി ബാലകൃഷ്ണൻ എംഎല്‍എ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button