Uncategorized

എൻസിസി ഓഫീസർക്ക് മർദ്ദനം; കടുത്ത നടപടി ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ, സംസ്ഥാന സർക്കാരിനും വിമർശനം

കൊച്ചി: കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെ ചൊല്ലിയുള്ള സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രതികളെ ശിക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചൊഴിയണം. പ്രതികൾക്കെതിരെ കേരള പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. പൊലീസും സർക്കാരും സമ്മർദങ്ങള്‍ക്ക് വഴങ്ങി ഒത്തുതീർപ്പിന് ശ്രമിച്ചാല്‍ നീതിക്കായി ഞാന്‍ കോടതിയെ സമീപിക്കും. മുഖ്യമന്ത്രി മുതല്‍ പ്രധാന അധ്യാപകന്‍ വരെയും പ്രാദേശിക പൊലീസ് വരെയും തങ്ങളുടെ ഡ്യൂട്ടി മറന്നത് നാണക്കേടാണ്. ഹമാസിനെ ചുവപ്പുപരവതാനി വിരിച്ച് സ്വീകരിച്ച കേരളം രാജ്യത്തെ ഏറെ ദുരന്തങ്ങളില്‍ നിന്ന് സംരക്ഷിച്ച സേനയെ അപമാനിച്ചു എന്നുമാണ് മുൻ കേന്ദ്രമന്ത്രിയുടെ ട്വീറ്റ്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പള്ളുരുത്തി സ്വദേശികളായ നിഷാദ്, നവാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും ക്യാമ്പിനെത്തിയ വിദ്യാർഥികളുടെ രക്ഷിതാക്കൾ ആണ്. എൻസിസി ഓഫീസർക്ക് മർദ്ദനമേറ്റെന്ന പരാതിയിലാണ് നടപടി. കേരള- 21 എൻസിസി ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ലെഫ്റ്റനന്‍റ് കർണയിൽ സിങ്ങിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കേണൽ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനെ മർദിച്ചതിന് പരാതി നൽകിയിരുന്നു. സ്ഥലത്തെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടിക്കൂടിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ആർമി ഉദ്യോഗസ്ഥരെ മർദിച്ച കേസിൽ അറസ്റ്റ് വൈകുന്നതിൽ ഉദ്യോഗസ്ഥർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഈ മാസം 23ന് ആണ് തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ കേഡറ്റുകൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. ക്യാമ്പിൽ നിന്നും 23ന് ഉച്ചഭക്ഷണം കവിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ നിരവധി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് ക്യാമ്പിൽ സംഘർഷമുണ്ടായത്. സംഭവത്തിന് പിന്നാലെ എൻസിസി ക്യാംപ് പിരിച്ച് വിടുകയും അന്വേഷണത്തിന് ബ്രിഗേഡിയർ റാങ്കിലുളള ഓഫീസറെ ചുമതലപ്പെടുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button