Uncategorized

മഹാചരിത്രത്തിന്‍റെ ശുഭ സൂചന; സ്പേഡെക്‌സ് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ, സിഗ്നലുകൾ കിട്ടിത്തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 60 വിക്ഷേപണം വിജയം. സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിനുള്ള സ്പേഡെക്സ് ഇരട്ട ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ പിഎസ്എൽവിക്കായി. ജനുവരി ഏഴിനാണ് ഇരട്ട ഉപഗ്രഹങ്ങൾ ഒത്തുചേരുന്ന ഡോക്കിംഗ് നടക്കുക. സ്പേഡെക്സ് ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നൽ കിട്ടി തുടങ്ങിയിട്ടുണ്ടെന്ന് ഐഎസ്ആർഒ അറിയിച്ചു.

പിഎസ്എൽവി റോക്കറ്റിന്‍റെ നാലാം ഘട്ടത്തെ ബഹിരാകാശത്ത് നിലനിർത്തി ചെറു പരീക്ഷണങ്ങൾ നടത്താൻ അവസരം നൽകുന്ന POEM പദ്ധതിയുടെ ഭാഗമായി 24 ചെറു പരീക്ഷണങ്ങളും ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ തിരുവനന്തപുരത്തെ ഐഐഎസ്‌ടി വിദ്യാര്‍ഥികള്‍ നിര്‍മിച്ച പൈലറ്റ് ടു അഥവാ ഗ്രേസ് എന്ന പേ ലോഡുമുണ്ട്. ബഹിരാകാശത്ത് നിന്ന് മാലിന്യങ്ങൾ പിടിച്ചെടുക്കാൻ കെൽപ്പുള്ള യന്ത്രക്കൈയും, ഭാവിയിൽ ബഹിരാകാശ നിലയത്തിൽ ഉപയോഗിക്കാൻ പദ്ധതിയിടുന്ന വാൾക്കിംഗ് റോബോട്ടിക് ആർമും, ബഹിരാകാശത്ത് വിത്ത് മുളപ്പിക്കുന്ന ക്രോപ്സും പേലോഡുകളില്‍ ചിലതാണ്.

2024 ഡിസംബര്‍ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലുള്ള ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് സ്പേഡെക്സ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. പുതുവര്‍ഷത്തില്‍ ജനുവരി ഏഴിന് ഇരു ഉപഗ്രഹങ്ങളും ഇസ്രൊ സംയോജിപ്പിച്ച് ഒന്നാക്കി മാറ്റും. ഇരു കൃത്രിമ ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം 5 കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍, 500 മീറ്റര്‍, 15 മീറ്റര്‍, 3 മീറ്റര്‍ എന്നിങ്ങനെ സാവധാനം കുറച്ചുകൊണ്ടുവന്നാണ് ബഹിരാകാശത്ത് വച്ച് ഡോക്കിംഗ് ചെയ്യിക്കുക. ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ വിജയിപ്പിക്കുന്ന നാലാമത്തെ മാത്രം രാജ്യമാകാനാണ് ഇന്ത്യയൊരുങ്ങുന്നത്. ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ ഇതുവരെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേയുള്ളൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button