പൂട്ടിയിട്ടിരുന്ന വീടിന്റെ മുൻവാതിൽ തകർത്ത് മോഷണം; അലമാരയിൽ നിന്ന് സ്വർണ നാണയങ്ങളും മാലയും പണവും നഷ്ടമായി
കണ്ണൂർ: കണ്ണൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു. തളാപ്പിലാണ് സംഭവം. 12 സ്വർണ നാണയങ്ങളും രണ്ട് പവന്റെ സ്വർണമാലയും 88,000 രൂപയും മോഷണം പോയി. വീട്ടിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടമായത്.
തളാപ്പ് സ്വദേശി ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്. അടച്ചിട്ടിരുന്ന വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് കടത്തുകടക്കുകയായിരുന്നു. വിദേശത്തു നിന്ന് നാട്ടിലെത്തിയ ഉമൈബയുടെ മകൻ നാദിറാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നാദിർ വീട്ടിലെത്തിയത്. വാതിൽ തകർന്ന നിലയിൽ കണ്ടതോടെ പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. വീടിന്റെ എല്ലാ മുറികളിലും കയറിയ മോഷ്ടാക്കൾ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‍ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.