‘കേരളം മിനി പാകിസ്താൻ, എല്ലാ ഭീകരവാദികളും രാഹുലിനും പ്രിയങ്കയ്ക്കും വോട്ട് ചെയ്തു’; ബിജെപി മന്ത്രി നിതീഷ് റാണെ
കേരളത്തെ മിനി പാകിസ്താനെന്ന് വിളിച്ച് മഹാരാഷ്ട്ര ബിജെപി മന്ത്രി നിതീഷ് റാണെ. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് കേരളത്തിലെ തീവ്രവാദികൾ മാത്രമാണെന്നും കേരളം മിനി പാകിസ്താനാണെന്നും റാണെ ആരോപിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത് അതിനാലാണെന്നും ഇന്നലെ പുണെയിൽ നടന്ന പൊതുയോഗത്തിൽ റാണെ പറഞ്ഞു.‘കേരളം ഒരു മിനി പാകിസ്താനാണ്. അതിനാലാണ് രാഹുൽ ഗാന്ധിയും സഹോദരിയും അവിടെ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. പാർലമെൻറ് അംഗങ്ങളാകാൻ തീവ്രവാദികൾ അവർക്ക് വോട്ട് ചെയ്യുന്നു’ -നിതേഷ് റാണെ പറഞ്ഞു.
നിരന്തരം വിദ്വേഷ, പ്രസംഗങ്ങൾ നടത്തുന്നതിൽ കുപ്രസിദ്ധനാണ് റാണെ. അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ പ്രകോപന പ്രസ്താവന നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര പൊലീസ് പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെയാണ് കേരളത്തെ അടച്ചാക്ഷേപിച്ചത്.