Uncategorized

മലയാളത്തിന്റെ എംടിയ്ക്ക് സർക്കാരിന്റെ ആദരം ; അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: എം.ടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഡിസംബർ 31 ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ. അനിൽ, ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എംപിമാരായ ശശി തരൂർ, എ.എ. റഹീം, ആന്റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കൗൺസിലർ രാഖി രവികുമാർ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ എന്നിവർ പങ്കെടുക്കും.

എൻ.എസ്. മാധവൻ, ശ്രീകുമാരൻ തമ്പി, ഷാജി എൻ. കരുൺ, കെ. ജയകുമാർ, വി. മധുസൂദനൻ നായർ, പ്രേംകുമാർ, എം. ജയചന്ദ്രൻ, ജി. വേണുഗോപാൽ, ഗൗതമി, മേനക സുരേഷ്, ജലജ, മധുപാൽ, വേണു ഐ.എസ്.സി., മുരുകൻ കാട്ടാക്കട, അശോകൻ ചരുവിൽ, ജോസ് പനച്ചിപ്പുറം, സുഭാഷ് ചന്ദ്രൻ, ആർ.എസ്. ബാബു, വി.എസ്. രാജേഷ് തുടങ്ങിയവർ എം.ടിയെ അനുസ്മരിക്കും.

എം.ടിയുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി പിന്നണി ഗായകൻ രവിശങ്കർ നയിക്കുന്ന സംഗീതാർച്ചന, എം.ടിയുടെ സാഹിത്യകൃതികൾ, തിരക്കഥകൾ എന്നിവ ഉൾപ്പെടുന്ന പുസ്തകപ്രദർശനം, എം.ടിയുടെ ചലച്ചിത്രജീവിതത്തിലെ അനർഘനിമിഷങ്ങൾ ഒപ്പിയെടുത്ത ഫോട്ടോപ്രദർശനം, മികച്ച സിനിമയ്ക്കുള്ള 1973ലെ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ ‘നിർമ്മാല്യ’ത്തിന്റെ പ്രദർശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button