ചേതനയെ ഇന്ന് പുറത്തെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ എൻഡിആർഎഫ്; കുട്ടി കുഴൽക്കിണറിൽ കുടുങ്ങിയിട്ട് 8 ദിവസം
ജയ്പൂർ: രാജസ്ഥാനിൽ മൂന്നര വയസ്സുകാരി 8 ദിവസമായി കുഴൽക്കിണറിൽ കുടുങ്ങിക്കിടക്കുന്നു. കുട്ടിയെ ഇന്ന് പുറത്തെത്തിക്കാൻ സാധിച്ചേക്കുമെന്ന് എൻഡിആർഎഫ് സംഘം അറിയിച്ചു. പ്രദേശത്ത് മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നു. രാജസ്ഥാനിലെ കോട്‍പുത്തലയിൽ കഴിഞ്ഞ തിങ്കളാഴ്ച കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണ മൂന്നര വയസ്സുകാരി ചേതനയെ രക്ഷപ്പെടുത്താൻ ഇതുവരെ കഴിഞ്ഞില്ല. ഒരാഴ്ചയായി കുട്ടി 150 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുകയാണ്. കുട്ടിയെ രക്ഷപ്പെടുത്തുന്നതിൽ അധികൃതരുടെ ഭാഗത്തു നിന്നും കനത്ത അനാസ്ഥ ഉണ്ടായെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്.
കുട്ടിയുടെ വസ്ത്രത്തിൽ കൊളുത്ത് കുരുക്കി പുറത്തെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനു ശേഷമാണ് യന്ത്രങ്ങളുടെ സഹായത്തോടെ സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമം തുടങ്ങിയത്. തുരങ്കമുണ്ടാക്കി എൽ ആകൃതിയിലുള്ള പൈപ്പിട്ട് കുട്ടിയെ രക്ഷിക്കാനാണ് ശ്രമം. യന്ത്രങ്ങൾ എത്തിക്കാൻ വൈകി എന്ന് ആരോപണം കുടുംബം ഉന്നയിക്കുന്നു. സംഭവം നടന്ന് മൂന്നാം ദിവസമാണ് ജില്ലാ കളക്ടർ സ്ഥലത്ത് എത്തിയത്. കലക്ടറുടെ കുഞ്ഞായിരുന്നെങ്കിൽ ഇങ്ങനെ വൈകിപ്പിക്കുമായിരുന്നോ എന്നാണ് അമ്മ ധോല ദേവി കണ്ണീരോടെ ചോദിക്കുന്നത്. എങ്ങനെയെങ്കിലും തന്‍റെ കുഞ്ഞിനെ രക്ഷപ്പെടുത്താൻ അവർ കേണപേക്ഷിച്ചു.
അതിനിടെ മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ 10 വയസ്സുകാരനെ പുറത്തെത്തിച്ചെങ്കിലും മരിച്ചു. ഗുന ജില്ലയിലാണ് സംഭവം. 140 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിയെ 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് പുറത്തെത്തിച്ചത്. അപ്പോഴേക്കും കുട്ടി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.