മുനമ്പത്തെ ഭൂമി നാട്ടുകാർ വാങ്ങിയത് കോൺഗ്രസ് നേതാവിന്റെ മധ്യസ്ഥതയിലല്ലെന്ന് സമരസമിതി; 80ാം ദിനവും സമരം തുടരുന്നു
കൊച്ചി: കോൺഗ്രസ് നേതാവിന്റെ മധ്യസ്ഥതയിലാണ് മുനമ്പത്തെ ഭൂമി നാട്ടുകാർ സ്വന്തമാക്കിയതെന്ന സിപിഎം പ്രചാരണം അംഗീകരിക്കില്ലെന്ന് സമരസമിതി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഫാറൂഖ് കോളേജുമായി നടത്തിയ ചർച്ചയിലാണ് നാട്ടുകാർ സ്ഥലം വാങ്ങിച്ചതെന്ന് സമരസമിതി വ്യക്തമാക്കി. വഖഫ് ട്രൈബ്യൂണലിലെ കേസിൽ കക്ഷി ചേർന്ന് രേഖകൾ ഹാജരാക്കാനാണ് സമരസമിതി തീരുമാനം.
മുനമ്പത്തെ 618 കുടുംബങ്ങൾ അദ്ധ്വാനിച്ച് നേടിയ ഭൂമി സ്വന്തം പേരിലാക്കാൻ നടത്തുന്ന സമരം 80ാം ദിവസം പിന്നിടുകയാണ്. വിവിധ രാഷ്ട്രീയ മത സാമൂഹിക സംഘടനകളുടെ പിന്തുണയിലും സങ്കീർണമായ നിയമ വഴി താണ്ടിയും വേണം റവന്യൂ അവകാശം ഉറപ്പിക്കാൻ. സംസ്ഥാന സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മീഷൻ വരുന്ന 4 ആം തിയതി തർക്കഭൂമി പ്രദേശത്ത് നേരിട്ടെത്തുന്പോൾ വിഷയം ബോധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ നേരത്തെ ഡിസിസി സെക്രട്ടറിയും അഭിഭാഷകനുമായി വ്യക്തിയുടെ മധ്യസ്ഥതയിലാണ് മുനമ്പത്തെ നാട്ടുകാർ ഭൂമി വാങ്ങിച്ചതെന്ന പ്രചാരണത്തിൽ വലിയ പ്രതിഷേധമാണ് സമരസമിതി ഉയർത്തുന്നത്. സിപിഎം പൊതുയോഗത്തിൽ മന്ത്രിയടക്കം ഉയർത്തിയ വാദം തെറ്റാണെന്നും സമരസമിതി പ്രതികരിച്ചു.
മുനമ്പം കേസ് കഴിഞ്ഞ ദിവസം പരിഗണിച്ച വഖഫ് ട്രൈബ്യൂണൽ 1902ൽ തിരുവിതാംകൂർ രാജാവ് സേഠ് കുടുംബത്തിന് ഭൂമി കൈമാറിയതിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് തലമുറകളിലായി ഭൂമി ഭാഗം വെച്ചതിന്റെ ഉൾപ്പടെ രേഖകൾ കൈവശമുണ്ടെന്നും വഖഫ് അല്ലെന്ന് തെളിയിക്കുമെന്നും സമരസമിതി വ്യക്തമാക്കി. വരുന്ന ശനിയാഴ്ച ആണ് ജുഡീഷ്യൽ കമ്മീഷൻ മുനമ്പത്ത് നേരിട്ടെത്തി സിറ്റിംഗ് നടത്തുന്നത്.