Uncategorized

‘യാത്രയാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും വരാത്തതിൽ ദുഃഖമില്ല,കേരളവുമായുള്ള ബന്ധം തുടരും’;ആരിഫ് മുഹമ്മദ് ഖാൻ

തന്നെ യാത്രയാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും വരാത്തതിൽ ദുഃഖമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളവുമായുള്ള ബന്ധം താൻ ഇനിയും തുടരുമെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

അതേസമയം, ആരിഫ് മുഹമദ് ഖാനെ പരിഹസിച്ചും രൂഷമായി വിമർശിച്ചും ബിനോയ് വിശ്വം രംഗത്തെത്തി. നിരവധി പാർട്ടികളിൽ പ്രവർത്തിച്ച് പരിചയമുള്ള ആരിഫ് മുഹമ്മദ് ഖാൻ കേരളത്തോട് പെരുമാറിയത് ചക്രവർത്തിയെ പോലെയെന്ന് ബിനോയ്‌ വിശ്വം വിമർശിച്ചു. മോദിയെ വാഴ്ത്തുന്നതിനിടെ കേരളത്തെ ഞെരിക്കുകയും രാജ്ഭവനെ ബിജെപി യുടെ ക്യാമ്പ് ഓഫീസാക്കി മാറ്റുകയും ചെയ്തു. പുതിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പോലെ ആകരുത് എന്നും ഭരണഘടന ഒരു തവണയെങ്കിലും പുതിയ ഗവർണർ വായിക്കണമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

ബിനോയ് വിശ്വത്തിന്റെ ഈ വിമർശനത്തിനും ഗവർണർ മറുപടി നൽകി. ബിജെപിക്ക് എന്താണ് കുഴപ്പമെന്നും ബിജെപി നിരോധിത സംഘടനയാണോ എന്നും ചോദിച്ച ആരിഫ് മുഹമ്മദ് ഖാൻ ജനങ്ങൾ തിരഞ്ഞെടുത്ത പാർട്ടിയാണ് ബിജെപി എന്നും അഭിപ്രായപ്പെട്ടു. ബിനോയ് വിശ്വത്തിന് രാജ്ഭവൻ സിപിഐ ഓഫീസ് ആക്കണമെന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ആരിഫ് മുഹമ്മദ് ഖാന് ബിഹാറിലേക്കാണ് മാറ്റം ലഭിച്ചിരിക്കുന്നത്. പകരം കേരളത്തിലേക്കെത്തുന്നത്ഗോവ ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറാണ്. ജനുവരി രണ്ടിനാണ് ആർലേക്കറുടെ സത്യപ്രതിജ്ഞ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button