Uncategorized

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം, ആക്രമണം തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോൾ

ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉച്ചക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരാണ് അമർ ഇലാഹിയും കുടുംബവും. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇയാൾക്കൊപ്പം കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവാവ്. മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങുകയും ചെയ്തു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വീട്ടിലെ ഏക അത്താണിയായിരുന്നു അമർ എന്ന് അയൽവാസി പറഞ്ഞു. കാടിനോട് ചേർന്നാണ് ഇവരുടെ വീട്. കഴിഞ്ഞ 3 വർഷമായി പ്രദേശത്ത് ആന ശല്യമുണ്ട്. ആദ്യമായാണ് പ്രദേശത്ത് ഒരാൾ കൊല്ലപ്പെടുന്നത്. നിലവിൽ ഭീതിയുള്ള സാഹചര്യമാണെന്നും അയൽവാസി പറഞ്ഞു. പ്രദേശത്ത് ആന ജനങ്ങളെ ആക്രമിക്കാറില്ലായിരുന്നുവെന്നും ഇത് ആദ്യത്തെ സംഭവമാണെന്നും വണ്ണപ്രം പഞ്ചായത്ത് അംഗം ഉല്ലാസ് പറഞ്ഞു. കാടിൻ്റെ അരികിലാണ് ഇവരുടെ വീട്. വളരെ നിർധനരായവരാണ്. ഡിഗ്രിയൊക്കെ കഴിഞ്ഞുള്ള ചെറുപ്പക്കാരനാണ്. പശുവിനെ വളർത്തിയും ആടിനെ വളർത്തിയുമൊക്കെ കഴിഞ്ഞു കൂടിയിരുന്നവരാണെന്നും പഞ്ചായത്തംഗം പറ‍ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button