‘ഡ്രൈവർമാർക്ക് അൾഷിമേഴ്സ് വരാനുള്ള സാധ്യത കുറവ്’; ആംബുലൻസ് ഡ്രൈവർമാർക്ക് രോഗനിരക്ക് ഒരു ശതമാനത്തിലും താഴെ
ടാക്സി, ആംബുലൻസ് ഡ്രൈവർമാർക്ക് അൾഷിമേഴ്സ് വരാനുള്ള സാധ്യത കുറവെന്ന് പഠനം. ബിഎംജെ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. മിന്റ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു. നിരന്തരമായി വഴികൾ പരിശോധിച്ച് യാത്ര ചെയ്യുന്ന ജോലി ചെയ്യുന്നവരിൽ അൾഷിമേഴ്സ് സാധ്യത കുറവാണെന്നാണ് പഠനം കണ്ടെത്തിയത്.
ടാക്സി ഡ്രൈവർമാർക്കിടയിലെ കണക്കുകൾ പരിശോധിച്ചാൽ ആകെ ഒരു ശതമാനം പേർക്കാണ് അൾഷിമേഴ്സ് ബാധിച്ചതെന്ന് പഠനം കണ്ടെത്തി. ആംബുലൻസ് ഡ്രൈവർമാരിൽ രോഗനിരക്ക് ഒരു ശതമാനത്തിലും താഴെയാണ്.
2020 നും 2022 നും ഇടയിലാണ് പഠനം നടത്തിയത്. ഇക്കാലയളവിൽ മരിച്ച 90 ലക്ഷം പേരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. 443 തരം ജോലികൾ ചെയ്യുന്ന ഇവരിൽ മൂന്നര ലക്ഷം പേർ മരിച്ചത് അൾഷിമേഴ്സ് ബാധിച്ചാണ്.
ടാക്സി, ആംബുലൻസ് ഡ്രൈവർ ജോലികൾ അൾഷിമേഴ്‌സിനെ പൂർണ്ണമായും തടയില്ലെന്നും പഠനം വ്യക്തമാക്കുന്നു. ദിവസേനയുള്ള മാനസിക വ്യായാമങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിന്റെ സ്വാധീനിക്കുന്നുവെന്നാണ് പഠനം കാണിക്കുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.
തത്സമയം ചിന്തിക്കുകയും വഴികളും ദിശകളും കണ്ടുപിടിക്കേണ്ടി വരുകയും ചെയ്യുന്നത് ഇവരുടെ ജോലിയുടെ ഭാഗമായതാവാം രോഗസാധ്യത കുറയാൻ കാരണമെന്ന് വിദഗ്‌ധർ പറയുന്നു. തലച്ചോറിൻ്റെ ഹിപ്പോകാംപസ് നിരന്തരമായി പ്രവർത്തിപ്പിച്ച് കൊണ്ടാണ് ഇവർ ജോലി ചെയ്യുന്നത്. അൾഷിമേഴ്സ് ആദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് ഹിപ്പോകാംപസ്.
എന്നാൽ ബസ് ഡ്രൈവർമാരിലും പൈലറ്റുമാരിലും ഇത്തരമൊരു ട്രെൻഡ് നിലനിൽക്കുന്നില്ലെന്ന് പഠനം വ്യക്തമാക്കി. ടാക്സി, ആംബുലൻസ് ഡ്രൈവർമാരിൽ നിന്ന് വ്യക്ത്യസ്തമായി ഇവർ നാവിഗേഷൻ വളരെ കുറച്ചാണ് ചെയ്യുന്നത്. അതാവാം കാരണം എന്നും പഠനം പറയുന്നു.